| Thursday, 13th June 2024, 5:00 pm

ഫലസ്തീന്‍ തടവുകാര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു, അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ യു.എസിനാകില്ല: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: നെഗേവ് മരുഭൂമിയിലെ ഇസ്രഈലിന്റെ സൈനിക താവളത്തില്‍ ഫലസ്തീന്‍ തടവുകാര്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിയ അമേരിക്കയിലെ ബൈഡന്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഫലസ്തീന്‍ തടവുകാര്‍ പീഡിപ്പിക്കപ്പെടുന്നതായുള്ള ആരോപണങ്ങളെ കുറിച്ച് ഒരു വിവരവുമില്ലെന്ന് പറഞ്ഞ യു.എസ് സര്‍ക്കാരിന്റെ ന്യായീകരണം വിശ്വസിക്കാനാകില്ലെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതികരിച്ചത്.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ വാഷിങ്ടണ്‍ ഡയറക്ടര്‍ സാറാ യാഗറിന്റെതാണ് പ്രസ്താവന. ഇസ്രഈലിന്റെ എല്ലാ പ്രവര്‍ത്തികളും യു.എസിന്റെ അറിവോടെയാണ് നടക്കുന്നതെന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും സാറാ യാഗര്‍ പറഞ്ഞു.

‘ഇസ്രഈലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത് യു.എസിന്റെ അറിവോടെയാണ്. അങ്ങനെയല്ലെങ്കില്‍ തടവുകാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ എന്ന് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും യു.എസ് പരിശോധിക്കേണ്ടതുണ്ട്,’ സാറാ യാഗര്‍ പറഞ്ഞു. ഗസയിലെ ആക്രമണങ്ങളില്‍ ഇസ്രഈലിന് ആയുധങ്ങള്‍ വിതരണം ചെയ്ത് സഹായിക്കുന്നതും അമേരിക്കയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

നെഗേവ് മരുഭൂമിയിലെ തടവ് കേന്ദ്രത്തില്‍ ഫലസ്തീനികള്‍ ഇസ്രഈല്‍ സൈനികരാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതായി അടുത്തിടെ അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തടവിലാക്കപ്പെട്ട ഫലസ്തീന്‍ സ്ത്രീകള്‍ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നെന്നും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പടെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

തടങ്കലിലുള്ള 64 ശതമാനം കുട്ടികളും ഇസ്രഈല്‍ സൈന്യത്താല്‍ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫലസ്തീന്‍ പൗരന്‍മാര്‍ക്കെതിരെ നടക്കുന്ന ഇത്തരം പീഡനങ്ങള്‍ തടയാന്‍ യു.എസ് സര്‍ക്കാര്‍ ഇസ്രഈലിന് മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlight: US claim it has no information on Israeli torture ‘remarkable and wrong’, says rights group

We use cookies to give you the best possible experience. Learn more