| Thursday, 28th September 2023, 5:27 pm

മുസ്‌ലിം വിരുദ്ധപരാമർശം; യു.എസിൽ പൊലീസുകാർക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിഷിഗൻ: ഇസ്‌ലാം വിരുദ്ധ പരാമർശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകിയ മുസ്‌ലിം ചെറുപ്പക്കാരുമായി ഡെട്രോയിറ്റ് സിറ്റി അധികൃതർ ഒത്തുതീർപ്പിലെത്തി.
മുസ്‌ലിങ്ങൾ ഒരുപാട് കള്ളം പറയുമെന്നും മുസ്‌ലിം ആണുങ്ങൾ പിഡോഫൈലുകളാണെന്നും പറഞ്ഞതിനെതിരെയായിരുന്നു കേസ് നൽകിയത്. ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് വകുപ്പ് നടപടിയെടുത്തു.

‘ഈ ഒത്തുതീർപ്പിലൂടെ ഡെട്രോയിറ്റ് പൊലീസ് വകുപ്പ് ട്രെയ്നിങ്ങിൽ (പക്ഷാപാതത്തിന് എതിരായ) പങ്കെടുക്കുമെന്നും ഡെട്രോയിറ്റിലെ മുസ്‌ലിം ജനങ്ങളോട് പെരുമാറുന്നത് സംബന്ധിച്ചുള്ള പരിശീലനവും ഉദ്യോഗസ്ഥർ ഒരുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,’ അമേരിക്കൻ-ഇസ്‌ലാമിക് കൗൺസിലിന്റെ മിഷിഗൻ ഡയറക്ടർ ദാവൂദ് വലീദിനെ ഉദ്ധരിച്ചുകൊണ്ട് ഡെട്രോയിറ്റ് ന്യൂസ്‌ റിപ്പോർട്ട് ചെയ്തു.

2020 സെപ്റ്റംബർ 26നായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ വീട്ടിൽ താമസിച്ചിരുന്ന സ്ത്രീ തന്നെയും സുഹൃത്തുക്കളെയും ചുറ്റിക കൊണ്ട് ആക്രമിച്ചെന്നും വീട്ടുപകരണങ്ങൾ നശിപ്പിച്ചെന്നും പരാതി പറഞ്ഞ് 911ൽ പൊലീസിൽ വിളിച്ചു.

ഡെട്രോയിറ്റ് പൊലീസ് വകുപ്പിലെ ഡൊണാൾഡ് ഓവൻസ്, നതാനിയേൽ മുള്ളൻ എന്നീ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ത്രീയുമായി സംസാരിച്ചു. സംസാരത്തിനിടയിൽ താൻ മുസ്‌ലിം യുവാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത് എന്ന് സ്ത്രീ പരാമർശിച്ചു. ഇതിനെ തുടർന്നാണ് ഓവൻ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത് എന്ന് പരാതിയിൽ പറയുന്നു.

പൊലീസുകാർ ദേഹത്ത് ധരിക്കുന്ന ക്യാമറ ഫൂട്ടേജിൽ നിന്ന് ഇയാൾ കൂടെയുണ്ടായിരുന്ന പൊലീസുകാരോടും സമാന പരാമർശങ്ങൾ നടത്തിയിരുന്നതായി ഡെട്രോയിറ്റ് ന്യൂസ്‌ കണ്ടെത്തി.

‘മുസ്‌ലിം ആണുങ്ങൾ പിഡോഫൈലുകളാണ്, മുസ്‌ലിങ്ങൾ ഒരുപാട് കള്ളം പറയും… സ്ത്രീകൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല എന്ന ചിന്തയാണ് അവർക്ക്,’ ക്യാമറ ഫൂട്ടേജിൽ ഓവൻ പറഞ്ഞു.
പ്രത്യേകിച്ച് സ്ത്രീകളെന്ന് ഒരു വനിതാ ഉദ്യോഗസ്ഥ പറയുന്നതും ഫൂട്ടേജിൽ നിന്ന് ലഭിച്ചിരുന്നു.

ഉദ്യോഗസ്ഥർ യുവാക്കളെ അവരുടെ മതവിശ്വാസത്തിന്റെ പേരിൽ അയൽവാസികൾക്ക് മുമ്പിൽവെച്ച് അപമാനിക്കണമെന്ന ഉദ്ദേശത്തോടെ കൈവിലങ്ങ് വെച്ചുവെന്നും പരാതിയുണ്ട്. കേസൊന്നുമെടുക്കാതെ പിന്നീട് ഇവരെ വെറുതെവിട്ടു.

75,000 ഡോളർ ആവശ്യപ്പെട്ടുകൊണ്ട് പൊലീസുകാർക്കെതിരെ കേസ് കൊടുത്തപ്പോൾ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കുമെന്ന് ഡെട്രോയിറ്റ് പൊലീസ് അറിയിച്ചിരുന്നു. അന്വേഷണ ഫലമായി ഓവനെ അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം റൈസ് സർവകലാശാല നടത്തിയ പഠനത്തിൽ മറ്റുമത വിശ്വാസികളെ അപേക്ഷിച്ച് മുസ്‌ലിങ്ങൾ അഞ്ച് മടങ്ങ് പൊലീസ് പീഡനം നേരിടേണ്ടി വരുന്നുവെന്ന് കണ്ടെത്തിയിരുന്നതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. കറുത്ത വർഗക്കാരായ മുസ്‌ലിങ്ങളാണ് കൂടുതൽ പീഡനങ്ങൾ നേരിടേണ്ടി വരുന്നത് എന്നും പഠനത്തിൽ പറയുന്നുണ്ട്.

Content Highlight: US city reaches settlement with Muslim men over police Islamophobia incident

We use cookies to give you the best possible experience. Learn more