| Friday, 6th September 2024, 9:06 pm

വെസ്റ്റ് ബാങ്ക്; ഫലസ്തീനികൾക്ക് വേണ്ടി പ്രതിഷേധിച്ച യു.എസ് പൗര ഇസ്രഈൽ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: വെസ്റ്റ് ബാങ്കിലെ സെറ്റിൽമെൻ്റ് വിപുലീകരണത്തിനെതിരായ പ്രതിഷേധത്തിനിടെ അമേരിക്കൻ പൗര കൊല്ലപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുത്ത 26 കാരിയായ അമേരിക്കൻ പൗര ഇസ്രഈൽ സൈന്യത്തിന്റെ വെടിയേറ്റ് മരണപ്പെടുകയായിരുന്നു. ഔദ്യോഗിക ഫലസ്തീൻ വാർത്താ ഏജൻസിയായ വാഫയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ആണ് വിവരം റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ വനിതയായ അയ്‌സെനുർ എസ്‌ഗി എയ്‌ഗി (26) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) അറിയിച്ചു. എന്നാൽ അമേരിക്കൻ എംബസി സ്ഥിതിഗതികളെ കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

തലയ്ക്ക് വെടിയേറ്റ യുവതിയെ ഉടൻ തന്നെ നാബ്ലസിലെ റാഫിദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എങ്കിലും പിന്നീട് മരിച്ചതായി ആശുപത്രി മേധാവി ഫൗദ് നഫാ അറിയിക്കുകയായിരുന്നു. ‘ഞങ്ങൾ അവളെ രക്ഷിക്കാനായി ശസ്ത്രക്രിയ നടത്താൻ ശ്രമിച്ചു, പക്ഷേ നിർഭാഗ്യവശാൽ അവൾ മരിച്ചു,’ അദ്ദേഹം പറഞ്ഞു.

ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് എയ്‌ഗി ഇസ്രഈൽ കുടിയേറ്റക്കാരുടെ അക്രമത്തിൽ നിന്ന് ഫലസ്തീനികളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

വെസ്റ്റ് ബാങ്കിലെ ജിറ്റ് ഗ്രാമത്തിൽ അടുത്തിടെ നൂറോളം കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തിൽ ലോകരാഷ്ട്രങ്ങൾ അപലപിക്കുകയും അക്രമത്തിൽ കുറ്റക്കാർക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയുകയും ചെയ്തു. ഈ ആക്രമണങ്ങളിൽ എല്ലാം ഇസ്രഈലിനും പങ്കുണ്ടെന്ന് നിരവധിപേർ ആരോപിക്കുന്നുണ്ട്.

വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമങ്ങളിൽ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ വർദ്ധിക്കുന്നത് അമേരിക്ക ഉൾപ്പെടെയുള്ള ഇസ്രഈലിന്റെ സഖ്യകക്ഷികൾക്കിടയിൽ ആശങ്ക വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈൽ യുദ്ധം ആരംഭിച്ചത്.

Content Highlight: US citizen shot dead by Israeli troops during West Bank protest: Report

We use cookies to give you the best possible experience. Learn more