തിരുവനന്തപുരം: അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാന്‍ കരുനാഗപ്പള്ളിയിലെത്തിയ അമേരിക്കക്കാരനായ യുവാവിനെ അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരിയോ പോള്‍ എന്ന 37 കാരനെയാണ് ശനിയാഴ് അര്‍ധരാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
അമൃതാനന്ദമയീമഠത്തിന്റെ ആംബുലന്‍സില്‍ പോലീസിനൊപ്പമാണു യുവാവിനെയെത്തിച്ചത്. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന യുവാവിനു കൂട്ടിരുപ്പുകാരായി മഠം പ്രതിനിധികളായ രണ്ടു പേര്‍ ആശുപത്രിയിലുണ്ടെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ശരീരമാസകലം പരുക്കുണ്ട്. ശക്തമായ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള ചതവുകളാണ് ഏറെയും. വലതു കണ്ണിനു മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്നിയുടെയും ഭാഗങ്ങളിലും കാര്യമായി ക്ഷതമേറ്റിട്ടുണ്ട്.
ആശുപത്രിയിലെത്തിച്ചതു മുതല്‍ ഇയാള്‍ അര്‍ദ്ധബോധവസ്ഥയിലാണ്. അതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു കൈകളിലും കയര്‍കൊണ്ടു കൂട്ടിക്കെട്ടിയതിന്റെ അടയാളവുമുണ്ട്. മറ്റു പരുക്കുകള്‍ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ഇന്നു നടക്കും.
കഴിഞ്ഞ ദിവസം മഠത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ അമൃതാനന്ദമയീ മഠത്തില്‍ നടക്കുമ്പോഴാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടു വന്നത്.
കരുനാഗപ്പള്ളി ആശുപത്രിയില്‍ മാനസിക പ്രശ്നങ്ങളോടെ യുവാവിനെ കൊണ്ടു വന്നെന്നും. അവിടെ വച്ച് ഇയാള്‍ അക്രമാസക്തനായെന്നും തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയെന്നുമാണ് കരുനാഗപ്പള്ളി പൊലീസ് പറയുന്നത്. ഇയാള്‍ ആശ്രമത്തിലെ സ്ത്രീകളേയും മറ്റും ആക്രമിച്ചെന്നും. ഇതേ തുടര്‍ന്നാണ് ഇയാളെ കരുനാഗപ്പള്ളി ആശുപത്രിയില്‍ കൊണ്ടു വന്നതെന്നുമാണ് പൊലീസ് ഭാഷ്യം.
അതേസമയം യുവാവ് മദ്യപിച്ചിരുന്നെന്നും നാട്ടുകാരുമായി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്നു പരുക്കേറ്റതായാണു സൂചനയെന്നും കൊല്ലം ജില്ലാ പോലീസ് മേധാവി അജിതാ ബേഗം പറഞ്ഞു. അതേസമയം ഒരു വിദേശിക്കു ഗുരുതരമായി പരുക്കുപറ്റിയിട്ടും അതേക്കുറിച്ചു വിശദമായി അന്വേഷിക്കാനോ കേസെടുക്കാനോ തയാറാകാതെ ആശുപത്രിയിലെത്തിച്ചു തിരിച്ചുപോയ പോലീസിന്റെ നടപടി കൂടുതല്‍ സംശയത്തിനിടയാക്കിയിട്ടുണ്ടെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ രാത്രി വരെയും ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുക്കാനോ വിവരം തിരക്കാനോ അധികൃതര്‍ തയാറായിട്ടില്ല. മഠത്തില്‍ ഇന്നലെ രാഷ്ട്രപതി സന്ദര്‍ശനം നടത്താനിരിക്കെ സുരക്ഷാ പരിശോധനകള്‍ക്കായി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസമയം സ്ഥലത്തുണ്ടായിരുന്നതായി സൂചനയുണ്ട്. എന്നാല്‍, സംഭവത്തില്‍ വ്യക്തത വരുത്താന്‍ ആരും തയാറായിട്ടില്ല. ഇന്നലെ രാത്രി വരെയും ആശൂപത്രിയില്‍ എത്തി യുവാവിന്റെ മൊഴിയെടുക്കാനോ വിവരം തിരക്കാനോ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
2012ല്‍ അമൃതാനന്ദമയീ മഠത്തിലെത്തിയ ബീഹാര്‍ സ്വദേശി സത്‌നാം സിങ് മര്‍ദനമേറ്റു മരണപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ കാര്യമായ അന്വേഷണങ്ങളുണ്ടായിരുന്നില്ല.