ഓണ്‍ലൈന്‍ ബൈബിള്‍ പഠനത്തിനിടെ പോണ്‍ വീഡിയോയുമായി ഹാക്കര്‍; സൂം ആപ്പിനെതിരെ സഭ
World News
ഓണ്‍ലൈന്‍ ബൈബിള്‍ പഠനത്തിനിടെ പോണ്‍ വീഡിയോയുമായി ഹാക്കര്‍; സൂം ആപ്പിനെതിരെ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th May 2020, 8:29 pm

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സഭ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസിനിടെ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച് ഹാക്കര്‍. സാന്‍ഫ്രാന്‍സിസ്‌കോയിലെ പുരാതന പള്ളിയായ സെന്റ് പോളസ് ലുത്തേറനിലാണ് സംഭവം.

കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സൂം ആപ്പ് ഉപയോഗിച്ചായിരുന്നു മെയ് ആറ് മുതല്‍ പള്ളി വിശ്വാസികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസ് സംഘടിപ്പിച്ചത്. കണ്‍ട്രോള്‍ ബട്ടണ്‍ പ്രവര്‍ത്തന രഹിതമാക്കിയാണ് ആപ്പ് ഹാക്ക് ചെയ്ത ഹാക്കര്‍ ക്ലാസിനിടെ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ കൂടുതലായും പങ്കെടുത്ത ബൈബിള്‍ ക്ലാസിലാണ് സംഭവം.

വിഷയത്തില്‍ സൂം ആപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പള്ളി അധികൃതര്‍. ക്ലാസിനിടെ ലൈംഗിക ചുവയുള്ളതും കുട്ടികളോട് ലൈംഗികാതിക്രമം നടത്തുന്നതുമായ വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചതായി സഭ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ഹാക്കറാണ് സംഭവത്തിന് പിന്നിലെന്ന് സൂം ആപ്പ് അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. അറിയപ്പെടുന്ന കുറ്റവാളിയാണ് സംഭവത്തിന് പിന്നിലെന്നും സമാന സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി തവണ അധികാരികളോട് പരാതിപ്പെട്ടിരുന്നെന്നും സൂം പറഞ്ഞു.

വിഷയം സൂം ആപ്പ് വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചിട്ടില്ലെന്ന് കാണിച്ച സഭ അധികാരികള്‍ ആപ്പിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ക്ലാസുകള്‍ ആരംഭിക്കുന്ന ഘട്ടത്തിലും അവസാനിക്കുന്ന സമയത്തുമാണ് ഹാക്കര്‍ നിരന്തരം ഇടപെടുന്നതെന്നും സഭ വ്യക്തമാക്കി.

വിഷയത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നെന്ന് സൂം അധികൃതര്‍ വിഷയം റിപ്പോര്‍ട്ട് ചെയ്ത ബി.ബി.സിക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. ‘സംഭവം അറിഞ്ഞ ദിവസം തന്നെ ഞങ്ങള്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞു. ഹാക്കര്‍ക്ക് സൂം പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം തടയാന്‍ നടപടിയെടുക്കുകയും ബന്ധപ്പെട്ട അധികാകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു’, സൂം വ്യക്തമാക്കുന്നു.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോകമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീട്ടിലിരുന്ന ജോലിചെയ്യാനും മറ്റുമായി ദശലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ സൂം ആപ്പിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം തന്നെ ആപ്പിനെതിരെ നിരവധി സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. സൂമില്‍ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് വിവിധ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയിലും കേന്ദ്ര സര്‍ക്കാര്‍ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു,

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക