സോളാർ വൈദ്യുതി കരാറുകൾ നേടിയെടുക്കുന്നതിന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 2,029 കോടി രൂപ കൈക്കൂലി നൽകിയെന്നാരോപിച്ച് ഗൗതം അദാനിക്കും മറ്റ് 7 പേർക്കുമെതിരെ യുഎസ് പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തി. എന്താണ് കേസ്?
അദാനി ഗ്രീൻ എനർജി എന്ന കമ്പനി ഇന്ത്യയിൽ സൗരോർജ കോൺട്രാക്ടുകൾ ലഭിക്കാൻ 265 മില്യൺ ഡോളർ കോഴ നൽകി എന്നും തുടർന്ന് അമേരിക്കയിൽ നിക്ഷേപകരിൽ നിന്ന് കോൺട്രാക്ടിന് വേണ്ടിയുള്ള പണം ശേഖരിക്കാൻ കമ്പനി ഈ വിവരങ്ങൾ അപ്പാടെ മറച്ചുവെച്ചുമെന്നുമാണ് ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട് ഓഫ് ന്യൂയോർക്കിലെ യു.എസ് അറ്റോർണി നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.
കൈക്കൂലി ആരോപണങ്ങൾ ഇന്ത്യയിലാണ് നടന്നതെങ്കിലും ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതാണെങ്കിലും, അമേരിക്കൻ നിക്ഷേപകരോ വിപണികളോ അതിൽ ഉൾപ്പെട്ടാൽ അഴിമതി കേസുകൾ എടുക്കാൻ അമേരിക്കൻ നിയമം അനുവദിക്കുന്നു.
ഗൗതം അദാനിയും സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരും 2020നും 2024നും ഇടയിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി 265 മില്യൺ ഡോളർ അല്ലെങ്കിൽ ഏകദേശം 2,029 കോടി രൂപ നൽകാമെന്ന് സമ്മതിച്ചു. പകരം 2 ബില്യൺ ഡോളർ ലാഭം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാറുകൾ അവർക്ക് നൽകണം എന്നതായിരുന്നു ഡീൽ.
ഗൗതം അദാനി, സാഗർ അദാനി, ജെയിൻ എന്നിവർ തങ്ങളുടെ അഴിമതി, കടം കൊടുക്കുന്നവരിൽ നിന്നും നിക്ഷേപകരിൽ നിന്നും മറച്ചുവെച്ച് വായ്പകളിലും ബോണ്ടുകളിലുമായി 3 ബില്യൺ ഡോളർ അഥവാ ഏകദേശം 25,322 കോടി രൂപ സമാഹരിച്ചതായി പ്രോസിക്യൂട്ടർ പറഞ്ഞു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും അമേരിക്ക ആസ്ഥാനമായുള്ള നിക്ഷേപകരും അടങ്ങുന്ന ലെൻഡർ ഗ്രൂപ്പുകളിൽ നിന്ന് 2 ബില്യൺ ഡോളറിലധികം വരുന്ന രണ്ട് സിൻഡിക്കേറ്റ് വായ്പകളിലൂടെയാണ് അവർ മൂന്ന് പേരും ഫണ്ട് സ്വരൂപിച്ചത്.
സംസ്ഥാന ഇലക്‌ട്രിസിറ്റി വിതരണ കമ്പനികളുമായുള്ള സൗരോർജ്ജ കരാറുകൾക്കായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 2,029 കോടി രൂപ (265 മില്യൺ ഡോളർ) കൈക്കൂലി നൽകിയെന്നാരോപിച്ച് അദാനി ഗ്രൂപ്പ് ചെയർപേഴ്‌സണെയും അദ്ദേഹത്തിൻ്റെ അനന്തരവൻ സാഗർ അദാനിയെയും മറ്റ് ആറ് പേരെയും യു.എസ് പ്രോസിക്യൂട്ടർമാർ കുറ്റപ്പെടുത്തിയതിനെ തുടർന്നാണ് ഗൗതം അദാനി കുരുക്കിലായത്. 2020 നും 2024 നും ഇടയിലാണ് കൈക്കൂലി നൽകിയത്.
സൗരോർജ്ജ പദ്ധതിക്കായി അദാനി ഗ്രൂപ്പ് കോടികൾ സമാഹരിച്ച യു.എസ് ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നും കോഴ വാഗ്ദാനം ചെയ്ത വസ്തുത മറച്ചുവെച്ചതായി യു.എസ് പ്രോസിക്യൂട്ടർമാർ കുറ്റപ്പെടുത്തി. ഊർജ കരാറുകൾ ഉറപ്പിക്കുന്നതിലൂടെ 2 ബില്യൺ ഡോളർ ലാഭം നേടാനാകുമെന്ന് അദാനി ഗ്രൂപ്പ് പ്രതീക്ഷിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (SECI) 12 ഗിഗാവാട്ട് സൗരോർജ്ജം നൽകാനുള്ള കരാർ “ഇന്ത്യൻ എനർജി കമ്പനിയും” “യു.എസ് ഇഷ്യൂവറും” ഏറ്റെടുത്തതായി യു.എസ് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
എന്നാൽ സൗരോർജ്ജം വാങ്ങാൻ ഇന്ത്യയിൽ നിന്നുള്ളവരെ കണ്ടെത്താൻ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. വാങ്ങുന്നവരില്ലാതെ, ഇടപാട് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല, കൂടാതെ രണ്ട് കമ്പനികൾക്കും അവർ പ്രതീക്ഷിച്ച ലാഭം നഷ്ടപ്പെടും. അപ്പോഴാണ് അദാനി ഗ്രൂപ്പും അസൂർ പവറും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്യാനുള്ള പദ്ധതിയുമായി രംഗത്തെത്തിയത്.
പകരമായി, SECI യുമായി വൈദ്യുതി വിതരണ കരാറുകളിൽ ഏർപ്പെടാൻ സർക്കാർ ഉദ്യോഗസ്ഥർ സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളെ പ്രേരിപ്പിക്കും. ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലിയായി അവർ വാഗ്ദാനം ചെയ്തു, അതിൽ വലിയൊരു ഭാഗം ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതേത്തുടർന്ന് ചില സംസ്ഥാന ഇലക്‌ട്രിസിറ്റി കമ്പനികൾ രണ്ട് കമ്പനികളിൽ നിന്നും സൗരോർജ്ജ വൈദ്യുതി വാങ്ങാൻ എസ്.ഇ.സി.ഐയുമായി കരാറിൽ ഏർപ്പെട്ടു.
നിരവധി വഞ്ചനാ, ഗൂഢാലോചന, അഴിമതി കുറ്റങ്ങളാണ് അദാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. അദാനി ഗ്രീൻ എനർജി കമ്പനിയിലെ ഡയറക്ടർമാരായ സാഗർ അദാനി, ബിനി ജെയ്ൻ മറ്റ് അഞ്ചോളം ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസ് ഉണ്ട്.
വലിയൊരു തുക യു.എസിൽ നിന്നും സമാഹരിച്ചപ്പോൾ അദാനി കമ്പനി അഴിമതി രഹിത നിലപാട് പിന്തുടരുന്ന കമ്പനിയാണെന്ന നിലപാട് യു.എസ് ഭരണകൂടത്തെയും നിക്ഷേപകരെയും അറിയിച്ച് അവരെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ക്രിമിനൽ കേസ് കൂടാതെ അമേരിക്കയുടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഫോറിൻ കറപ്റ്റ് ട്രേഡ് പ്രാക്ടിസിസ് ആൻഡ് ആക്ട് എന്ന നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഒരു സിവിൽ കേസ് കൂടി ഫയൽ ചെയ്തിട്ടുണ്ട്.
‘അഴിമതിയിലൂടെയും വഞ്ചനയിലൂടെയും യു.എസ് നിക്ഷേപകരുടെ ചെലവിൽ വൻതോതിലുള്ള സംസ്ഥാന ഊർജ്ജ വിതരണ കരാറുകൾ നേടാനും ധനസഹായം നൽകാനും അദാനിയും അദ്ദേഹത്തിൻ്റെ കൂട്ടുപ്രതികളും ശ്രമിച്ചു,’ ഡെപ്യൂട്ടി അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ലിസ മില്ലർ പറഞ്ഞു.
പ്രതികൾ ഒരു പദ്ധതി ആസൂത്രണം ചെയ്തു എന്നും നമ്മുടെ സാമ്പത്തിക വിപണികളുടെ ചെലവിൽ സ്വയം സമ്പന്നരാകാൻ ശ്രമിച്ചുവെന്നും യു.എസ് അറ്റോർണി ബ്രിയോൺ പീസ് പറഞ്ഞു.
Content Highlight: US charges Gautam Adani in alleged $265 million bribery, fraud case