വാഷിംഗ്ടണ്‍: പാക്കിസ്താന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. അഫ്ഗാനിസ്ഥാനെതിരായി 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക്കിസ്താന്‍ സുരക്ഷാ താവളം ഒരുക്കുന്നുവെന്ന് കാണിച്ചാണ് പാക്കിസ്താന് നല്‍കാമെന്നേറ്റ സഹായം അമേരിക്ക റദ്ദാക്കിയത്.
ലോകത്തിനു തന്നെ ഭീഷണിയായ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്താന്‍ വിമുഖത കാണിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ വാദം പാക്കിസ്താന്‍ തള്ളിയിട്ടുണ്ട്.
ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്താനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെയുള്ള അമേരിക്കയുടെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയ കരടായി.
ഈ വര്‍ഷമാദ്യമാണ് ട്രംപ് പാക്കിസ്ഥാന് സഹായം പ്രഖ്യാപിച്ചത്. സഹായം റദ്ദാക്കിയെങ്കിലും ഭാവിയില്‍ പാകിസ്താന്‍ നയം മാറ്റുകയും ഭീകരര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്താല്‍ നിലപാട് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
2002 മുതല്‍ അമേരിക്ക 3300 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാക്കിസ്താന് നല്‍കിയിട്ടുള്ളത്. ഇതില്‍ 99 കോടിയും സി.എസ്.എഫ് ഫണ്ടാണ്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മുതിര്‍ന്ന യു.എസ് സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡും ഇസ്ലാമാബാദിലേക്ക് പോകാനിരിക്കെയാണ് സൈന്യം സഹായം നിര്‍ത്തലാക്കിയത്. ഭീകരരെ നേരിടുന്നത് ഉള്‍പ്പെടെയുള്ളവ ഇവരെത്തുന്ന യോഗത്തില്‍ ചര്‍ച്ചയാകുമെന്നു യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അറിയിച്ചു.