ജെറുസലേം: യു.എസിലെ യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ ഫലസ്തീന്‍ അനുകൂല സമരങ്ങളില്‍ പ്രതികരണവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യു.എസിലെ ക്യമ്പസുകളില്‍ നടക്കുന്ന സമരങ്ങള്‍ സെമിറ്റിക് വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നും നെതന്യാഹു പറഞ്ഞു.
സമരക്കാര്‍ ജൂത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടു. മസാച്യുസെറ്റ്‌സ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലെ 21 സര്‍വകലാശാലകളിലാണ് ബുധനാഴ്ച ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടന്നത്.
സമരത്തില്‍ പങ്കെടുത്ത 80ലധികം ആളുകളെ യു.എസ് പൊലീസ് അറസ്റ്ററ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി നെതന്യാഹു രംഗത്തെത്തിയത്. ഇസ്രഈല്‍ സൈന്യത്തിന് നല്‍കി വരുന്ന ധനസഹായം ഉള്‍പ്പടെ എല്ലാം യു.എസ് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും വംശഹത്യ തുടരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.
സമരത്തിനെതിരെ നെതന്യാഹു ബുധനാഴ്ച എക്‌സില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ജൂത വിരുദ്ധരായ സമരക്കാര്‍ പ്രമുഖ സര്‍വ്വകലാശാലകള്‍ കൈയ്യടക്കിയെന്നും ഇസ്രഈലിനെ ഉന്മൂലനം ചെയ്യാനാണ് അവര്‍ ആഹ്വാനം ചെയ്തതെന്നും നെതന്യാഹു പറഞ്ഞു.
‘ഇത് 1930 കളില്‍ ജര്‍മ്മന്‍ സര്‍വകലാശാലകളില്‍ സംഭവിച്ചതിനെ അനുസ്മരിപ്പിക്കുന്നു. അത് മനസ്സാക്ഷിയില്ലാത്തതാണ്. അതിനാല്‍ ഈ സമരങ്ങള്‍ അവസാനിപ്പിക്കണം,’നെതന്യാഹു പറഞ്ഞു. 1930കളില്‍ നാസി ഭരണകൂടത്തിന്റെ രാഷ്ട്രീയ എതിരാളികളായി കണക്കാക്കപ്പെടുന്ന ജര്‍മ്മന്‍ വിദ്യാര്‍ത്ഥികളെയും യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി അംഗങ്ങളെയും നാസി സ്റ്റുഡന്റ് ലീഗ് ആക്രമിച്ചതിനെ ഉദ്ധരിച്ച് കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഉടനീളം ജുത വിരുദ്ധതയുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ചയോളമായി യു.എസിലെ ക്യാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല സമരങ്ങള്‍ നടന്നു വരുന്നുണ്ട്. സമരത്തില്‍ നിരവധി ജൂത വിദ്യാര്‍ത്ഥികളും പങ്കാളികളാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: US campus protesters akin to 1930s Nazis – Netanyahu