world
ആണവശക്തിയാകാന്‍ ഇറാനെ അനുവദിക്കില്ല; സാമ്പത്തിക ഉപരോധം ഫലം കാണുന്നുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 26, 09:37 am
Thursday, 26th July 2018, 3:07 pm

വാഷിംഗ്ടണ്‍: ഇറാനെതിരായ സാമ്പത്തിക ഉപരോധം ഫലം കാണുന്നുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ആണവായുധങ്ങള്‍ നേടാനും കൈവശം വയ്ക്കാനും ഇറാനെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് ട്രംപ് ഭരണകൂടത്തിന്റേതെന്നും പോംപിയോ പറഞ്ഞു.

“അഞ്ചു മാസങ്ങള്‍ക്കു മുന്‍പുള്ള ഇറാനല്ല ഇപ്പോഴത്തേതെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. സാമ്പത്തിക സമ്മര്‍ദ്ദം ഏര്‍പ്പടുത്താനുള്ള ക്യാംപയിനും ആണവക്കരാറില്‍ നിന്നുള്ള ഞങ്ങളുടെ പിന്മാറ്റവും ഇറാനിയന്‍ ജനതയ്ക്ക് പ്രസിഡന്റ് നല്‍കുന്ന സമ്പൂര്‍ണമായ പിന്തുണയുമാണ് ഈ മാറ്റത്തിനു കാരണം. അമേരിക്കയുടെ നിലപാടുകള്‍ ഫലം കാണുകയാണ്.” പോംപിയോ പറയുന്നു.

ആണവക്കരാറില്‍ നിന്നും പിന്മാറിയതിനു ശേഷം ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളുടെ മേല്‍ ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു അമേരിക്ക. ഉപരോധം നടപ്പില്‍ വരുത്തുക വഴി ഇറാന്റെ എല്ലാ സാമ്പത്തിക സ്രോതസ്സുകളെയും തടസ്സപ്പെടുത്തുക എന്നതാണ് അമേരിക്ക ഉന്നമിടുന്നത്.


Also Read: ഹാഫിസ് സഈദിന്റെ പാര്‍ട്ടിയെ തള്ളി പാക് ജനത; സഈദിന്റെ മകനടക്കം മത്സരിച്ച 265 സ്ഥാനാര്‍ത്ഥികളും തോല്‍വിയിലേക്ക്


“ലബനീസ് ഹിസ്ബുള്ള, ഇറാഖിലെ ഷിയാ തീവ്രവാദ സംഘടനകള്‍ എന്നിവയടക്കമുള്ളവര്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊലപാതക ശ്രമങ്ങള്‍ക്ക് കോപ്പുകൂട്ടുമ്പോള്‍, അതിനു നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.” സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ക്കുന്നു.

തങ്ങള്‍ക്കു വേണ്ടത് ഇറാനിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടു വെയ്ക്കുന്ന നിലപാടുകളല്ലെന്ന് ഇറാനിയന്‍ ജനത തിരിച്ചറിഞ്ഞു തുടങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഖാസിം സുലൈമാനി ആഗ്രഹിയ്ക്കുന്ന ഇറാനിയന്‍ വിപുലീകരണമല്ല ജനങ്ങള്‍ക്കു വേണ്ടത്. സാമ്പത്തിക രംഗത്തെ പ്രത്യാഘാതങ്ങള്‍ ഇനി കാണാനിരിക്കുന്നതേയുള്ളൂവെന്നും പോംപിയോ പറയുന്നുണ്ട്.