ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തണിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ബോംബ് വെച്ചത് പ്രഷര്‍ കുക്കറിലെന്ന് നിഗമനം. കുക്കറില്‍ സ്‌ഫോടകവസ്തുക്കളോടൊപ്പം ആണിയും മറ്റും ഉപയോഗിച്ചിരുന്നതായും എഫ്.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.[]
ബോംബിന്റെ ഭാഗങ്ങളാണെന്ന് കരുതപ്പെടുന്ന തകര്‍ന്ന പ്രഷര്‍കുക്കറിന്റെയും കറുത്ത ബാഗിന്റെയും ചിത്രങ്ങള്‍ കഴിഞ്ഞദിവസം എഫ്.ബി.ഐ പുറത്തുവിട്ടിരുന്നു.
മാരത്തണ്‍ മത്സരത്തിന്റെ വിഡിയോകളും സ്റ്റില്‍ ഫോട്ടോഗ്രാഫുകളും അധികൃതര്‍ പരിശോധിച്ച് വരികയാണ്. ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ എഫ്.ബി.ഐയെ സമീപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സ്‌ഫോടനമുണ്ടായ സ്ഥലം പ്രസിഡന്റ് ബറാക് ഒബാമ വ്യാഴാഴ്ച സന്ദര്‍ശിക്കും. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകളിലും ഒബാമ പങ്കെടുക്കും. സംഭവം തീവ്രവാദി ആക്രമണം തന്നെയാണെന്നായിരുന്നു ഒബാമയുടെ ആദ്യ പ്രതികരണം.
യു.എസിലെ ബോസ്റ്റണില്‍ നടന്ന മാരത്തണിന്റെ ഫിനിഷിങ് പോയന്റിന് സമീപമുണ്ടായ സ്‌ഫോടന പരമ്പരയില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. 140ലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ഇതില്‍ ഇരുപതോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഫിനിഷിങ് ലൈനിനു സമീപം കാഴ്ചക്കാര്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ത്യന്‍ സമയം രാത്രി 12.20 ഓടെയാണ് ആദ്യസ്‌ഫോടനമുണ്ടായത്. പത്തു സെക്കന്‍ഡിന് ശേഷം രണ്ടാം സ്‌ഫോടനവും ഉണ്ടായി.
അമേരിക്കയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനായി പറന്നുയര്‍ന്ന വിമാനങ്ങളിലൊന്ന് ബോസ്റ്റണില്‍ നിന്നായിരുന്നു പോയതെന്നത് മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാല്‍ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ബോസ്റ്റണ്‍ മാരത്തണ്‍ 1897ലാണ് തുടങ്ങിയത്. ഏറ്റവും പഴക്കം ചെന്ന മാരത്തണുകളിലൊന്നാണിത്.