| Wednesday, 31st January 2024, 9:55 pm

പന്നുവിന്റെ കൊലപാതക ശ്രമം; അന്വേഷണം നടത്തുന്നത് വരെ ഇന്ത്യയുമായുള്ള ഡ്രോൺ വ്യാപാരം തടഞ്ഞുവെച്ച് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഖലിസ്ഥാൻ വാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ഇന്ത്യ ശരിയായ അന്വേഷണം നടത്തുന്നത് വരെ മൂന്ന് ബില്യൺ ഡോളറിന്റെ ഡ്രോൺ വില്പന തടഞ്ഞുവെക്കുന്നതായി യു.എസ്.

31 എം.ക്യൂ-9എ സീ ഗാർഡിയൻ, സ്‌കൈ ഗാർഡിയൻ ഡ്രോണുകളുടെ വില്പനയാണ് യു.എസ് സർക്കാർ തടഞ്ഞുവെച്ചത് എന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ നാവിക സേനക്ക് 15 സി ഗാർഡിയൻ ഡ്രോണുകളും ഇന്ത്യൻ വ്യോമസേനക്കും ആർമിക്കും എട്ട് സ്‌കൈ ഡ്രോണുകളും ഉൾപ്പെടുന്ന മൂന്ന് ബില്യൺ ഡോളറിന്റെ വ്യാപാര കരാറാണ് നിശ്ചയിച്ചിരുന്നത്.

ആയുധങ്ങൾ ഡെലിവർ ചെയ്യുന്നതിലെ കാലതാമസം സംബന്ധിച്ച് വിശദീകരിക്കുമ്പോഴാണ് പന്നുവിനെ കൊലപ്പെടുത്താൻ ഇന്ത്യക്കാരനായ നിഖിൽ ഗുപ്ത ആസൂത്രണം നടത്തിയതിൽ അമേരിക്കൻ എം.പിമാർക്ക് ആശങ്കയുണ്ടെന്ന വെളിപ്പെടുത്തൽ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുണ്ടായത്.

യു.എസിന്റെ അഭ്യർത്ഥന പ്രകാരം 2023 ജൂൺ 30ന് ചെക്ക് റിപ്പബ്ലിക്കിലായിരുന്ന ഗുപ്തയെ അവിടുത്തെ അധികാരികൾ അറസ്റ്റ് ചെയ്തു. നിലവിൽ ചെക് റിപ്പബ്ലിക്കിലിൽ തടങ്കലിലാണ് നിഖിൽ ഗുപ്ത.

സംഭവത്തിൽ ഇന്ത്യ ഗൗരവമായി അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്നും ഇനി ഇത്തരമൊരു സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകണമെന്നും ഇന്ത്യൻ വംശജരായ അഞ്ച് യു.എസ് കോൺഗ്രസ്‌ അംഗങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വാടക കൊലയാളിയായി നടിച്ച എഫ്.ബി.ഐ ഏജന്റിന് പന്നുവിനെ കൊലപ്പെടുത്തുവാൻ നിഖിൽ ഗുപ്ത ഒരു ലക്ഷം ഡോളർ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരാണ് പദ്ധതിക്ക് പിന്നിലെന്നാണ് യു.എസ് ആരോപിക്കുന്നത്.

Content Highlight: US Blocks $3-Billion Drone Sale to India Until ‘Meaningful Investigation’ of Pannun Assassination Conspiracy

We use cookies to give you the best possible experience. Learn more