വാഷിങ്ടണ്‍: ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെതുടര്‍ന്ന് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് പൂട്ടിട്ട് അമേരിക്ക. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയെ സഹായിക്കുന്ന നിലപാടെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്
19 ഇന്ത്യന്‍ കമ്പനികള്‍, രണ്ട് ഇന്ത്യന്‍ വ്യവസായികള്‍, 400 മറ്റ് കമ്പനികള്‍ ഉള്‍പ്പെടെ 120 ആളുകള്‍ക്കാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആകെ മൊത്തം 12 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കാണ് വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് സ്‌പെയര്‍ പാര്‍ട്‌സ് കമ്പനിയായ അസന്റ് ഏവിയേഷന്‍ ഇന്ത്യ, ഈ കമ്പനിയുടെ ഡയറക്ടര്‍മാരായ സുധീര്‍ കുമാര്‍, വിവേക് കുമാര്‍ മിശ്ര എന്നിവര്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന്ത്.
റഷ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്ക് ചരക്കുകള്‍ കൈമാറിയതിന് ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു ഇന്ത്യന്‍ കമ്പനിക്കും വിലക്കുണ്ട്. ഏകദേശം രണ്ട് ലക്ഷം ഡോളറിന്റെ സ്‌പെയര്‍പാര്‍ട്‌സ് ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഏവിയേഷന്‍ ഇന്ത്യ റഷ്യയിലേക്ക് കയറ്റി അയച്ചത്.
ഇവയ്ക്ക് പുറമെ മാസ്‌ക് ട്രാന്‍സ്, ടി.എസ്.എം.ഡി ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ച റിവോ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും വിലക്കുണ്ട്.
വിലക്ക് നേരിടുന്ന സാഹചര്യത്തില്‍ ഇനി അമേരിക്കയിലേക്ക് ഉത്പന്നങ്ങല്‍ കയറ്റി അയക്കാനോ ഇറക്കുമതി ചെയ്യാനോ ഇവര്‍ക്ക് സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവയ്ക്ക് പുറമെ കമ്പനിയുടെ യു.എസിലെ ആസ്തികള്‍ മരവിപ്പിക്കാനും സാധ്യതയുണ്ട്.
അതേസമയം കഴിഞ്ഞാഴ്ച്ച റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണണെന്ന് ആവശ്യപ്പെട്ട് അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നിവരുടെ കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ഫോഴ്‌സില്‍ ഉക്രൈന്‍ പരാതി നല്‍കിയപ്പോള്‍ ഇന്ത്യ ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് വിലക്ക് നേരിടേണ്ടി വരുന്നത്.
Content Highlight: US bans Indian companies for supplies to Russian firms