| Friday, 7th August 2020, 9:02 am

ടിക് ടോക് നിരോധനം; ബൈറ്റ് ഡാന്‍സുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ചു: ഉത്തരവ് 45 ദിവസത്തിനകം: ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോകുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

നിരോധനം പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു. 45 ദിവസത്തിനകം ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.

ഈ ഉത്തരവ് നിലവില്‍ വന്ന ശേഷം അമേരിക്കയിലെ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സുമായി ഒരു ഇടപാടും നടത്താന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നതിനാലാണ് ചൈനീസ് ആപ്പായ ടിക് ടോകിനെതിരെ കടുത്ത നടപടിയെടുത്തതെന്ന് ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്.

നേരത്തേ സര്‍ക്കാര്‍ അനുവദിച്ച ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ ടിക് ടോക് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ടിക് ടോകിനെ പൂര്‍ണ്ണമായി നിരോധിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

അതേസമയം അമേരിക്കയില്‍ ടിക് ടോക്കിന്റെ ബിസിനസ്സ് ഏറ്റെടുക്കാന്‍ മൈക്രോ സോഫ്റ്റ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്റ്റംബര്‍ 15 ന് മുമ്പ് ഈ കരാര്‍ നടപ്പാക്കണമെന്നും ട്രംപ് ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് രാജ്യത്ത് ടിക് ടോക്കിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറത്തിറക്കിയത്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യ- ചൈന സംഘര്‍ത്തെത്തുടര്‍ന്ന് ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.
ടിക് ടോക്ക്, ഹലോ, വിഗോ വീഡിയോ എന്നീ ആപ്പുകളുടെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന് ഏകദേശം 4200 കോടി രൂപയുടെ ( 6 ബില്യണ്‍ ഡോളര്‍) നഷ്ടമാണ് ഉണ്ടാവാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ലോകത്താകെ നടന്ന ടിക് ടോക് ഡൗണ്‍ലോഡിന്റെ 30.3 ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷം നടന്ന ഡൗണ്‍ലോഡുകളുടെ ഇരട്ടിയോളം വരുമിത്.

ടിക് ടോക്, ഹലോ ആപ്പ് എന്നിവയുടെ വളര്‍ച്ച ദിനം പ്രതി ഇന്ത്യയില്‍ കൂടി വന്ന സാഹചര്യത്തില്‍ വന്ന വിലക്ക് ബൈറ്റ് ഡാന്‍സിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more