| Saturday, 16th March 2024, 11:45 am

ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും എതിരായ കൈക്കൂലി ആരോപണങ്ങള്‍ യു,എസ് അധികൃതര്‍ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അദാനി ഗ്രൂപ്പിന്റെ സ്ഥാപകനായ ഗൗതം അദാനി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്പനി ഉടമ കൂടിയായ ഗൗതം അദാനി ഉള്‍പ്പെടെയുള്ളവര്‍ ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി നല്‍കിയിട്ടുണ്ടോ എന്നതില്‍ യു.എസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി ബ്ലൂംബര്‍ഗ് ന്യൂസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് അറ്റോര്‍ണി ഓഫീസിന്റെയും വാഷിംഗ്ടണിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫ്രോഡ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ അസൂര്‍ പവര്‍ ഗ്ലോബല്‍ എന്ന ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി കമ്പനിയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

എന്നാല്‍ തങ്ങളുടെ ചെയര്‍മാനെതിരെ അന്വേഷണം നടക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് ബ്ലൂംബെര്‍ഗിനോട് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള കൈക്കൂലി വിരുദ്ധ നിയമങ്ങളും, അഴിമതി വിരുദ്ധ ചട്ടങ്ങളും പാലിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. എന്നാല്‍ അന്വേഷണത്തെപ്പറ്റി അസുര്‍ പവര്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഓഹരി കൃത്രിമം സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിനെതിരെ വിവിധ യു.എസ് അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ വര്‍ഷം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരിയില്‍ 11000 കോടി ഡോളറിന്റെ മൂല്യം ഇടിഞ്ഞിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, അക്കൗണ്ടിങില്‍ കൃത്രിമം കാണിക്കല്‍ എന്നിവ അദാനി ഗ്രൂപ്പ് ചെയ്തുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ആദ്യ 20ല്‍ നിന്ന് അദാനി പുറത്തായതും വാര്‍ത്തയായിരുന്നു.

Content Highlight: US authorities investigating allegations of bribery against Gautam Adani, Adani Group

We use cookies to give you the best possible experience. Learn more