Advertisement
World News
ഇസ്രഈലി കപ്പലുകൾ സംരക്ഷിക്കുന്നതിനായുള്ള യു.എസ് ശ്രമം പരാജയപെടുത്തിയെന്ന് യമൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Dec 08, 05:03 pm
Friday, 8th December 2023, 10:33 pm

സനാ: ചെങ്കടലിലെ ഇസ്രഈലി കപ്പലുകൾ സംരക്ഷിക്കാനുള്ള യു.എസിന്റെ പദ്ധതി പരാജയപ്പെട്ടതായി യമനിലെ അൻസാറുള്ള സേന. യമനി ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ ദിശ മാറി സഞ്ചരിക്കുകയല്ലാതെ വാണിജ്യ കപ്പലുകൾക്ക് മറ്റു മാർഗമില്ലെന്ന് അൻസാറുള്ള രാഷ്ട്രീയ ബ്യൂറോ അംഗമായ അലി അൽ ഖഹൂം പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളോടും സമുദ്ര പര്യവേഷണത്തിലും യമനി സായുധസേനകൾ പ്രതിജ്ഞാബദ്ധരാണെന്നും ഗസയിലെ ആക്രമണങ്ങൾ ഇസ്രഈൽ പൂർണമായി അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിലെ ഇസ്രഈലി കപ്പലുകൾ ലക്ഷ്യം വെക്കുമെന്നും അൽ മയദീൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അലി അൽ ഖഹൂം പറഞ്ഞു.

ഫലസ്തീനികൾക്കും ഗസ നിവാസികൾക്കും യമൻ നൽകുന്ന അചഞ്ചലമായ പിന്തുണയിൽ യു.എസ് യമനോട് ക്രിമിനൽ പെരുമാറ്റവും അതിക്രമവും കാണിക്കുന്നതായി അലി അൽ ഖഹൂം ആരോപിച്ചു.

യമനി ആക്രമണങ്ങൾ പ്രാദേശിക തലത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു എന്നും അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും സയണിസ്റ്റുകളെയും അമ്പരിപ്പിച്ചുവെന്നും അലി അൽ ഖഹൂം പറഞ്ഞു.
ഡിസംബർ മൂന്നിന് ഇസ്രഈലി കപ്പലുകൾ ആയ യൂണിറ്റി എക്സ്പ്ലോററും നമ്പർ നയനും ബാബ് അൽ മന്ദബ് കടലിടുക്കിൽ ഇടിച്ചതായി യമനി സേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സാരി അറിയിച്ചിരുന്നു.

ആദ്യത്തെ കപ്പൽ നാവിക മിസൈൽ ആക്രമണം നേരിട്ടുവെന്നും രണ്ടാമത്തെ കപ്പൽ യമൻ നാവിക യൂണിറ്റിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്ന് ഡ്രോൺ ആക്രമണം നേരിട്ടുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം യമൻ തീരത്തോട് ചേർന്ന് ഹൂത്തികൾ നവംബർ 19ന് പിടിച്ചെടുത്ത ഇസ്രഈലി കപ്പൽ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രമായി മാറിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഇസ്രഈൽ രഹസ്യാന്യേഷണ ഏജൻസിയായ മൊസാദുമായി അടുത്ത ബന്ധമുള്ള ഇസ്രഈലി കോടീശ്വരൻ റാമി ഉൻഗറിന്റെ ഉടമസ്ഥതയിലുള്ള കപ്പലായിരുന്നു അത്.

Content Highlight: US attempts to protect Israeli vessels in Red Sea have failed: Yemen