വാഷിങ്ടണ്‍: ഗസയില്‍ ഇസ്രഈല്‍ അക്രമം ശക്തമാകുന്ന സാഹചര്യത്തിലും നെതന്യാഹുവിനുള്ള സഹായം തുടര്‍ന്ന് യു.എസ്. ഇസ്രഈലിനുള്ള എട്ട് ബില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജ് യു.എസ് അംഗീകരിച്ചു. ഇസ്രഈല്‍ വാര്‍ത്താ ഏജന്‍സിയായ വാലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫൈറ്റര്‍ ജെറ്റ് വെടിമരുന്ന്, പീരങ്കി ഷെല്ലുകള്‍, ഹെലികോപ്റ്റര്‍ മിസൈലുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് യു.എസിന്റെ ആയുധ പാക്കേജ്. AIM-120c-8 അമരത്വം എയര്‍-ടു-എയര്‍ മിസൈലുകളും പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
യുദ്ധവിമാനങ്ങള്‍ക്കായുള്ള 500 കിലോഗ്രാം വാര്‍ഹെഡുകള്‍, 155 എം.എം പീരങ്കി ഷെല്ലുകള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍ക്കുള്ള എ.ജി.എം-114 ഹെല്‍ഫയര്‍ മിസൈലുകള്‍, ബോംബുകള്‍ തുടങ്ങിയവ ആയുധ പാക്കേജിലുണ്ട്.
പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുന്നോടിയായി ഇസ്രഈലിന് നല്‍കുന്ന അവസാനത്തെ സഹായമായിക്കും ഇത്. വരും വര്‍ഷങ്ങളില്‍ ഇസ്രഈലിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് പുതിയ പാക്കേജിന് അനുമതി നല്‍കിയതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് പറഞ്ഞതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങള്‍ പറഞ്ഞു.
നിലവില്‍ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പ്, ബെയ്ത് ലാഹിയ, ബെയ്റ്റ് ഹനൂന്‍ എന്നിവിടങ്ങളില്‍ ഇസ്രഈലി സൈന്യം അക്രമം ശക്തമാക്കിയ സാഹചര്യത്തിലാണ് യു.എസ് നെതന്യാഹു സര്‍ക്കാരിന് വീണ്ടും സഹായം നല്‍കുന്നത്.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഖത്തറില്‍ ചര്‍ച്ചകള്‍ തുടരാന്‍ പ്രതിനിധി സംഘത്തിന് നെതന്യാഹു അനുമതി നല്‍കിയതിന് പിന്നാലെ ഗസയില്‍ ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു.
ആക്രമണത്തില്‍ കുട്ടികളടക്കം 50 പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇസ്രഈല്‍ പ്രഖ്യാപിച്ച മാനുഷിക മേഖലയ്ക്കും നേരെയാണ് ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയത്.
2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ യു.എസ് നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. 2024ല്‍ ഒരു ഘട്ടത്തില്‍, പുരോഗതിയില്ലാത്തതിനാല്‍ ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം 2023 മുതല്‍ 45,600ലധികം ഫലസ്തീനികളെ ഇസ്രഈല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. 100,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തില്‍ കുറഞ്ഞത് 17,000 കുട്ടികളും 12,000 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഗസ ആസ്ഥാനമായുള്ള സര്‍ക്കാര്‍ മാധ്യമ ഓഫീസ് അറിയിച്ചു.
Content Highlight: US approves $8 billion arms package for Israel