| Friday, 8th March 2024, 2:26 pm

ഒക്ടോബർ മുതൽ ഇസ്രഈലിന് യു.എസ് 100ലധികം തവണ ആയുധ വില്പന നടത്തി; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗസയിൽ ഇസ്രഈൽ യുദ്ധം ആരംഭിച്ചത് മുതൽ നൂറിലധികം തവണ യു.എസ് ഇസ്രഈലിന് ആയുധ വില്പന നടത്തിയെന്ന് റിപ്പോർട്ടുകൾ.

ഭരണകൂട ഉദ്യോഗസ്ഥർ കോൺഗ്രസ്‌ അംഗങ്ങൾക്ക് നൽകിയ വിശദീകരണത്തിൽ നിന്നാണ് വിവരങ്ങൾ പുറത്തുവന്നത്.

ഇസ്രഈലിന് യു.എസ് നൽകിയ ആയുധങ്ങളിൽ ചെറിയ വ്യാസമുള്ള ബോംബുകൾ മുതൽ തുരങ്കങ്ങൾ തകർക്കുന്ന ബോംബുകൾ വരെ ഉൾപ്പെടുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷം അംഗീകരിക്കപ്പെട്ട രണ്ട് വില്പനകളുടെ വിവരം മാത്രമേ പരസ്യപ്പെടുത്തിയിരുന്നുള്ളൂ. 106 മില്യൺ ഡോളറിന്റെ ടാങ്കറുകളും ഷെല്ലുകൾ നിർമിക്കാൻ ആവശ്യമായ സാമഗ്രികൾ അടങ്ങുന്ന 147.5 മില്യണിന്റെ മറ്റൊരു വില്പന ഇടപാടുമാണ് ഇത്.

എന്നാൽ നൂറിലധികം ഇടപാടുകൾ നടത്തിയത് പൊതുജനങ്ങളെയും യു.എസ് കോൺഗ്രസിനെയും അറിയിക്കാതെയാണെന്ന് വാഷിങ്ടൺ പോസ്റ്റ്‌ റിപ്പോർട്ട് ചെയ്തു.

പ്രധാന പ്രതിരോധ ആയുധങ്ങളുടെ 14 മില്യൺ ഡോളറിന്റെ വില്പനയും പ്രതിരോധ സേവനങ്ങളുടെ 50 മില്യൺ ഡോളറിന്റെ വില്പനയും നിർമാണ സേവനങ്ങളിൽ 200 മില്യൺ ഡോളറിന്റെ ഇടപാടും ഭരണകൂടം കോൺഗ്രസിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ.

യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രഈലിന് അചഞ്ചലമായ പിന്തുണയാണ് ബൈഡൻ ഭരണകൂടം നൽകിയിരുന്നത്.
മാസങ്ങളായി അവർ നടത്തുന്ന ആയുധ വില്പന വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്.

വിദേശ ആയുധ കൈമാറ്റത്തിന്റെ ചുമതലയുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥൻ ജോഷ് പോൾ യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്കകം രാജിവെച്ചിരുന്നു. ആയുധ വില്പന കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല നടത്തുന്നത് എന്ന് ആരോപിച്ചായിരുന്നു രാജി.

CONTENT HIGHLIGHT: US approved more than 100 arms sales to Israel since October, reports say

We use cookies to give you the best possible experience. Learn more