| Tuesday, 19th December 2023, 10:40 am

ചെങ്കടലിലെ ഹൂത്തി ആക്രമണത്തെ പ്രതിരോധിക്കാൻ ബഹുരാഷ്ട്ര സേനയെ പ്രഖ്യാപിച്ച് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ചെങ്കടലിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളെ ഹൂത്തികളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുവാൻ അന്താരാഷ്ട്ര തലത്തിൽ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പുതിയ സേനയ്ക്ക് രൂപം നൽകുന്നതായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ.

ഹൂത്തികളിൽ നിന്ന് കപ്പലുകൾക്ക് നേരെ നിരന്തരം ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്ന് സുരക്ഷാ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ കപ്പലുകൾ ബാബ് അൽ മന്ദബിലേക്ക് അയക്കില്ലെന്ന് നിരവധി ഷിപ്പിങ് കമ്പനികൾ അറിയിച്ചിരുന്നു.

ലോകത്തെ കടൽ വഴിയുള്ള എണ്ണ കയറ്റുമതിയിൽ ഭൂരിഭാഗവും ബാബ് അൽ മന്ദബ് വഴിയാണ് കൊണ്ടുപോകുന്നത് എന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.

‘ കൂട്ടമായ നടപടി ആവശ്യമുള്ള ഒരു അന്താരാഷ്ട്ര വെല്ലുവിളിയാണ് ഇത്.

അതുകൊണ്ട് ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ എന്ന പ്രധാനപ്പെട്ട ബഹുരാഷ്ട്ര സുരക്ഷാ സംരംഭം സ്ഥാപിക്കുന്നതിനെ കുറിച്ച് ഞാൻ പ്രഖ്യാപിക്കുകയാണ്,’ ബഹ്റൈനിൽ വെച്ച് ഡിസംബർ 19ന് ലോയിഡ് ഓസ്റ്റിൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

യു.കെ, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതെർലാൻഡ്സ്, നോർവേ, സീചെൽസ്, സ്പെയിൻ എന്നീ രാജ്യങ്ങളും യു.എസിനൊപ്പം പുതിയ ഉദ്ധ്യമത്തിൽ ഉണ്ടാകുമെന്നും ഓസ്റ്റിൻ അറിയിച്ചു.

തെക്കൻ ചെങ്കടലിലും ചില രാജ്യങ്ങൾ സംയുക്ത പട്രോളിങ് ശക്തിപ്പെടുത്തുമ്പോൾ മറ്റ് രാജ്യങ്ങൾ ഇന്റലിജൻസ് പിന്തുണ ലഭ്യമാക്കും.

വേറെയും രാജ്യങ്ങൾ ഓപ്പറേഷനിൽ പങ്കുചേരാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ വിവരങ്ങൾ പുറത്തുവിടാൻ അവർക്ക് താത്പര്യമില്ലെന്ന് ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ അറിയിച്ചു.

യു.എൻ രക്ഷാ സമിതിയോടും ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കാൻ യു.എസ് ആവശ്യപ്പെട്ടിരുന്നു.

ഡിസംബർ മൂന്നിന് മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.

ഇസ്രഈൽ ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള കപ്പൽ നേരത്തെ ഹൂത്തികൾ പിടിച്ചടക്കുകയും പിന്നീട് ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയും ചെയ്തിരുന്നു.

ഗസയിലെ ഇസ്രഈൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ചെങ്കടളിലൂടെ ഇസ്രഈലിലേക്ക് പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികൾ പറഞ്ഞിരുന്നു.

Content Highlight: US announces multinational force to counter Houthi Red Sea attacks

We use cookies to give you the best possible experience. Learn more