| Thursday, 4th August 2022, 5:11 pm

മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് സിഖുകാരുടെ ടര്‍ബന്‍ അഴിപ്പിച്ചെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് സിഖുകാരായ അഭയാര്‍ത്ഥികളുടെ ടര്‍ബന്‍ അഴിപ്പിച്ച് കണ്ടുകെട്ടുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക.

സിഖുകാരായ ഏകദേശം 50 കുടിയേറ്റക്കാരുടെ ടര്‍ബന്‍ (മതപരമായ ശിരോവസ്ത്രം) മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് യു.എസ് അധികൃതര്‍ അഴിച്ചുമാറ്റിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇന്ത്യയില്‍ നിന്നുള്ള റെക്കോര്‍ഡ് കുടിയേറ്റക്കാരെയാണ് യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് അധികൃതര്‍ തടവിലാക്കിയത്. ഇതില്‍ ഭൂരിഭാഗം പേരും പഞ്ചാബില്‍ നിന്നുള്ളവരും അതില്‍ തന്നെ പകുതിയിലധികം പേരും സിഖുകാരുമാണ്.

സിഖ് മതവിശ്വാസ പ്രകാരം പുരുഷന്മാര്‍ ശിരോവസ്ത്രം (ടര്‍ബന്‍) ധരിക്കുകയും മുടി മുറിക്കാതിരിക്കുകയും ചെയ്യണം.

ടര്‍ബന്‍ കണ്ടുകെട്ടുന്നതും അഴിപ്പിക്കുന്നതും ‘ഫെഡറല്‍ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്’ എന്നും യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ (സി.ബി.പി) വിവേചനരഹിതമായ നയങ്ങളുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്നും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (ACLU) പറഞ്ഞു.

സിഖുകാരുടെ ടര്‍ബന്‍ കണ്ടുകെട്ടുന്നത് ‘ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനമാണ്’ എന്ന് ഓഗസ്റ്റ് ഒന്നിന് സി.ബി.പി കമ്മീഷണര്‍ ക്രിസ് മാഗ്‌നസിന് അയച്ച കത്തില്‍ എ.സി.എല്‍.യു പറയുന്നുണ്ട്.

തങ്ങളുടെ ഉദ്യോഗസ്ഥര്‍ ‘എല്ലാ കുടിയേറ്റക്കാരോടും ബഹുമാനത്തോടെ പെരുമാറുമെന്ന്’ ബോര്‍ഡര്‍ ഏജന്‍സി പ്രതീക്ഷിക്കുന്നതായി സി.ബി.പി കമ്മീഷണര്‍ ക്രിസ് മാഗ്‌നസ് പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിഷയം പരിഹരിക്കാന്‍ ആഭ്യന്തര തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സി.ബി.പി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 13,000 ഇന്ത്യന്‍ പൗരന്മാരെ യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് ബോര്‍ഡര്‍ പട്രോള്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlight: US announce investigation into the reports that the turbans of Sikh asylum seekers were confiscated at Mexico border

We use cookies to give you the best possible experience. Learn more