| Wednesday, 3rd January 2024, 10:35 am

ഫലസ്തീനികള്‍ ഗസ വിട്ടുപോയാലേ ജൂതര്‍ക്ക് തിരികെയെത്താനാവൂ എന്ന ഇസ്രഈലിന്റെ പ്രസ്താവന പ്രകോപനപരം: യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫലസ്തീനികള്‍ ഗസയില്‍ നിന്ന് മാറി താമസിച്ച്, ജൂതരെ പ്രദേശത്തേക്ക് മടങ്ങാന്‍ പ്രോത്സാഹിപ്പിക്കണം എന്ന ഇസ്രഈല്‍ മന്ത്രിമാരുടെ പ്രസ്താവനയെ പരസ്യമായി എതിര്‍ത്ത് യു.എസ്. ഇസ്രഈലിന്റെ ഭാഗത്തു നിന്നുള്ള പ്രസ്താവന പ്രകോപനപരവും നിരുത്തരവാദപരവുമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വക്താവ് മാത്യു മില്ലര്‍ വാഷിങ്ടണില്‍ പറഞ്ഞു.

ഗസ ഫലസ്തീനികളുടെ ആണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ഹമാസിനൊ മറ്റു തീവ്രവാദ സംഘടനകള്‍ക്കോ ഗസയുടെ ഭാവിയില്‍ ഇടപെടാനും ഇസ്രഈലിന് ഭീഷണി ആയി തുടരാനും കഴിയില്ലെന്നും മില്ലര്‍ പറഞ്ഞു.

ഇസ്രഈല്‍ മന്ത്രിമാരായ ബെസാലെല്‍ സ്‌മോട്രിച്ച്, ഇതാമര്‍ ബെന്‍ വിര്‍ എന്നിവരാണ് വിവാദ പ്രസ്താവന നടത്തിയത്. ഫലസ്തീനികള്‍ ഗസയില്‍ നിന്ന് കുടിയേറണമെന്നും, അവിടേക്ക് ഇസ്രഈലിന്റെ തിരിച്ച് വരവ് സാധ്യമാക്കണമെന്നും ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ വിര്‍ തിങ്കളാഴ്ച്ച പറഞ്ഞിരുന്നു.

ഇതിന് പിന്തുണയെന്നോണം യുദ്ധത്തിന് ശേഷം ഗസയുടെ നിയന്ത്രണം ഇസ്രഈല്‍ ഏറ്റെടുക്കുമെന്ന് ധനകാര്യ മന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചും പറഞ്ഞിരുന്നു.

എന്നാല്‍ അമേരിക്കന്‍ നിലപാടിനെതിരെ രംഗത്ത് എത്തിയ ഇതാമര്‍ ബെന്‍ വിര്‍ അമേരിക്കന്‍ പതാകയിലുള്ള ഒരു നക്ഷത്രമല്ല ഇസ്രഈല്‍ എന്ന് തിരിച്ച് അടിച്ചു.

അമേരിക്ക തങ്ങളുടെ സുഹൃത് രാജ്യമാണ്. എന്നാല്‍ അതിനെല്ലാം മുകളില്‍ ഞങ്ങള്‍ ഇസ്രഈലിന് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്, ബെന്‍ വിര്‍ കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികളുടെ നിര്‍ബന്ധിത കുടിയിറക്കല്‍ തടയുമെന്നും, ഗസയുടെ നിയന്ത്രണം ഇസ്രഈല്‍ പിടിച്ചടക്കുന്നതിനെ എതിര്‍ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡെന്‍ അറബ് സഖ്യകക്ഷികള്‍ക്ക് വാക്കുകൊടുത്തിരുന്നു.

ഇതിനിടയിലും ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം രൂക്ഷമാവുകയാണ്, 2024ലും യുദ്ധം തുടരുമെന്നും ഇസ്രഈല്‍ കഴിഞ്ഞ ദിവസം പറഞ്ഞു. കൂടാതെ ചെങ്കടലിലും സംഘര്‍ഷ സാധ്യത കൂടുതലാണ്. ഇറാനിയന്‍ പടക്കപ്പലുകള്‍ ചെങ്കടലിന് ഇന്നലെ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു.

Content Highlight: US and Israeli ministers clash publicly over forced displacement of Palestinians

We use cookies to give you the best possible experience. Learn more