| Friday, 9th July 2021, 3:42 pm

പ്രസിഡന്റിനെ കൊലപ്പെടുത്തിയത് അമേരിക്കന്‍-കൊളംബിയന്‍ പൗരന്മാരുടെ സംഘമെന്ന് ഹെയ്തി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോര്‍ട്ട് ഒ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസിനെ കൊലപ്പെടുത്തിയത് 28 പേരടങ്ങിയ അക്രമികളുടെ സംഘമാണെന്ന് ഹെയ്തി പൊലീസ്. അമേരിക്കന്‍ പൗരന്മാരും കൊളംബിയന്‍ പൗരന്മാരുമാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

പ്രസിഡന്റിന്റെ കൊലപാതകത്തിന് പിന്നാലെ രാജ്യം കലാപസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങിയതിനാല്‍ ഈ സംഘത്തിലുള്ളവരില്‍ ചിലരെ പിടികൂടാനായിട്ടില്ല. ഇവര്‍ ഇപ്പോഴും ഹെയ്തിയില്‍ തന്നെ ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് അറിയിച്ചു.

അന്വേഷണത്തില്‍ പിടികൂടിയ ചിലരെ പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചിരുന്നു. ഇവരില്‍ നിന്ന് കൊളംബിയന്‍ പാസ്‌പോര്‍ട്ടും ആയുധങ്ങളും കണ്ടെത്താനായെന്ന് ഹെയ്തി പൊലീസ് ചീഫ് ലിയോണ്‍ ചാള്‍സ് അറിയിച്ചു.

’28 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ 26 പേരും കൊളംബിയക്കാരാണ്. 15 കൊളംബിയക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹെയ്തി വംശജരായ രണ്ട് അമേരിക്കന്‍ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്,’ ലിയോണ്‍ ചാള്‍സ് അറിയിച്ചു.

അതേസമയം നേരത്തെ പ്രസിഡന്റിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ വധിച്ചതായി പൊലീസ് അറിയിച്ചു. സംഘത്തിലെ ആകെ അംഗങ്ങളുടെ എണ്ണം സംബന്ധിച്ച പൊലീസിന്റെ പ്രസ്താവനയിലെ പൊരുത്തക്കേടുകളെ കുറിച്ച് ലിയോണ്‍ വിശദീകരിച്ചില്ല. അക്രമികളുടെ ലക്ഷ്യത്തെ കുറിച്ചും പൊലീസ് വിശദീകരണം നല്‍കിയിട്ടില്ല.

ബുധനാഴ്ചയാണ് ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍വെച്ച് വെടിയേറ്റു മരിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോവനലിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2017 ഫെബ്രുവരിയില്‍ മിഷേല്‍ മാര്‍ട്ടലി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് 53 വയസ്സുകാരനായ ജോവനില്‍ മോസ് പ്രസിഡന്റായി എത്തുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ ഹെയ്തിയിലെ രാഷ്ടീയ സാഹചര്യങ്ങള്‍ പ്രസിഡന്റിന് എതിരായിരുന്നു.

ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷ്യക്ഷാമം ഇവിടെ രൂക്ഷമാണ്. വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് ജോവനല്‍ മോസിനെതിരെ നടന്നിരുന്നത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.

ജോവനലിന്റെ കാലാവധി അവസാനിച്ചതാണെന്നും അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ തനിക്ക് ഇനിയും ഒരു വര്‍ഷംകൂടി ബാക്കിയുണ്ടെന്നായിരുന്നു ജോവനല്‍ വാദിച്ചിരുന്നത്.

പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഹെയ്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളോട് ശാന്തരായിരിക്കാന്‍ നിര്‍ദ്ദേശിച്ചെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ കൂടി കണക്കിലെടുത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

നിലവില്‍ ഹെയ്തിയില്‍ പ്രസിഡന്റോ പാര്‍ലമെന്റോ പ്രവര്‍ത്തിക്കുന്നില്ല. അതേസമയം രണ്ട് പ്രമുഖ നേതാക്കള്‍ തങ്ങളാണ് പ്രധാനമന്ത്രിമാരെന്ന അവകാശവാദവുമായി രംഗത്തുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: US and Columbian citizens’ hit squad is behind President’s murder, says Haiti Police

We use cookies to give you the best possible experience. Learn more