| Tuesday, 8th December 2020, 3:00 pm

'നമ്മള്‍ സംസാരിക്കേണ്ടതുണ്ട്'; അമേരിക്കയോട് ചൈന; ഉറ്റുനോക്കി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയുമായുള്ള നയതന്ത്ര ബന്ധത്തില്‍ നിലപാട് കടുപ്പിക്കുമെന്ന സൂചനകള്‍ നല്‍കിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി.

എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്നാണ് വാങ് യി ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് തുറന്ന ചര്‍ച്ചയ്ക്ക് ചൈന സന്നദ്ധത അറിയിച്ചിരിക്കുന്നത്.

” ചൈന ചര്‍ച്ചയാരംഭിക്കാന്‍ തയ്യാറാണ്. ഇരു രാജ്യങ്ങളും തമ്മില്‍ സംസാരിക്കേണ്ടതുമുണ്ട്. അങ്ങനെയെങ്കില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒത്തുതീര്‍ത്ത് സഹകരണാടിസ്ഥാനത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കും,” ചൈന പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കൊവിഡ് 19ന് ചൈനയെ കുറ്റപ്പെടുത്തിയ നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചത്.

ഈ വിവാദങ്ങളുടെ ഭാഗമായി ലോകാരോഗ്യ സംഘടനയ്‌ക്കെതിരായ നിലപാടും ട്രംപ് സ്വീകരിച്ചിരുന്നു.

നേരത്തെ ചൈനീസ് പ്രസിഡന്റിനെതിരായ നിലപാട് ബൈഡന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായാണ് അദ്ദേഹം ഏററ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളതും. ബൈഡന്‍ തന്റെ പഴയ സുഹൃത്താണെന്ന് ഷി ജിന്‍പിങ് ഒരിക്കല്‍ പറയുകയും ചെയ്തിരുന്നു.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് ബൈഡന്‍ തെരഞ്ഞടുപ്പ് പ്രചരണത്തിന് മുന്‍പ് പറഞ്ഞിരുന്നു.

എന്നാല്‍ പാരീസ് എഗ്രിമെന്റില്‍ നിന്ന് ട്രംപ് പിന്‍വാങ്ങിയതോടെ ബൈഡന്റെ മുന്‍പില്‍ ഈ വിഷയം പ്രതിസന്ധിയായി നിലനില്‍ക്കും.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി മുന്നോട്ട് പോകണമെങ്കില്‍ ചൈനയ്ക്ക് അമേരിക്കയുടെ സഹായം ആവശ്യമാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെ അമേരിക്ക-ചൈന ബന്ധം ഇന്ത്യയ്ക്കും നിര്‍ണായകമായിരിക്കും.

നിലവില്‍ ഇന്ത്യയുമായി അടുത്ത ബന്ധമാണ് അമേരിക്ക സ്വീകരിച്ചുവരുന്നത്. ബൈഡന്‍ വന്നാല്‍ ഈ ബന്ധത്തില്‍ വരുന്ന മാറ്റങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതിനാല്‍ അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര നീക്കങ്ങള്‍ ഇന്ത്യ ശക്തമായി നിരീക്ഷിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: China suggests dialogue with US as Joe Biden likely to take tough stance against Beijing

We use cookies to give you the best possible experience. Learn more