ഐ.ആര്‍.ജി.സി, അന്‍സാറുള്ള നേതാക്കള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും ബ്രിട്ടനും
World News
ഐ.ആര്‍.ജി.സി, അന്‍സാറുള്ള നേതാക്കള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും ബ്രിട്ടനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th February 2024, 8:20 am

സനാ: ഇറാന്‍ സേനയായ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി) തലവനും യെമനിലെ സായുധ സേനയായ അന്‍സാറുള്ളയുടെ അംഗങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും ബ്രിട്ടനും.

ഐ.ആര്‍.ജി.സിയുടെ ഖുദ്സ് ഫോഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ ഫല്ലാഹ്സാദെ,അന്‍സറുള്ളാ അംഗമായ ഇബ്രാഹിം അല്‍ നഷിരി എന്നിവരെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ഖുദ്സ് സേനയുടെ മൂന്ന് യൂണിറ്റുകളെയും അന്‍സാറുള്ളയുടെ കമാന്‍ഡര്‍ അലി ഹുസൈന്‍ ബദര്‍ അല്‍ ദിന്‍ അല്‍ ഹൂത്തി, തലവനായ ഫിനാന്‍ഷ്യര്‍ സയീദ് അല്‍ ജമാല്‍ എന്നിവരെ ഉപരോധിക്കാനാണ് യു.കെ ശ്രമിച്ചതെന്ന് ബ്രിട്ടന്റെ വിദേശകാര്യ ഓഫീസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖുദ്സ് ഫോഴ്സിനും അന്‍സാറുള്ളക്കും പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് ക്യാപ് ടീസ് എന്ന ഷിപ്പിങ് കമ്പനി ലിമിറ്റഡിനെതിരെയും ഇരുരാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയും ബ്രിട്ടനും സംയുക്തമായി നേതാക്കള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തീരുമാനത്തില്‍ വിശദീകരണവുമായി യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ രംഗത്തെത്തിയിരുന്നു. ഹൂത്തികളുടെ ആക്രമണത്തില്‍ പിന്തുണ നല്‍കുന്നത് ഐ.ആര്‍.ജി.സിയും അന്‍സാറുള്ളയുമാണെന്നായിരുന്നു ബ്രിട്ടന്റെ ആരോപണം.

കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ അതൃപ്തി അറിയിച്ചുകൊണ്ട് നല്‍കിയ ഉത്തരവുകള്‍ തന്നെ ഐ.ആര്‍.ജി.സി സ്വീകരിക്കുന്നില്ലെന്നും ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുമെന്നാണ് ഇറാന്‍ അറിയിക്കുന്നതെന്നും ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

അതേസമയം ഇസ്രഈലിലെ മുഴുവന്‍ സൈനിക ഔട്ട്പോസ്റ്റുകളും തന്ത്രപ്രധാനമായ കേന്ദ്രങ്ങളും തങ്ങളുടെ മിസൈലുകളുടെയും ഡ്രോണുകളുടെയും പരിധിയിലാണെന്ന് ഹിസ്ബുള്ള പറഞ്ഞിരുന്നു.

ഹിസ്ബുള്ള സേനയിലെ പോരാളികള്‍ യുദ്ധത്തിനായി സജ്ജരായിക്കൊണ്ടിരിക്കെ ലെബനനെതിരെ ഇസ്രഈല്‍ യുദ്ധത്തിനൊരുങ്ങുന്നത് വലിയ വിഡ്ഢിത്തമാണെന്ന് ഹിസ്ബുള്ള എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് ഷെയ്ഖ് അലി ദമൂഷ് പറഞ്ഞു.

Content Highlight: US and Britain impose sanctions against IRGC and Ansarullah leaders