യുനൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്നും നേരിട്ട മോശം അനുഭവം സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. ശനിയാഴ്ചയിട്ട തഹേര അഹ്മദ് എന്ന സ്ത്രീയുടെ പോസ്റ്റ് വൈറലായിരുന്നു.
ചിക്കാഗോയിലെ വടക്കുപടിഞ്ഞാറന്‍ യൂണിവേഴ്‌സിറ്റിയിലെ മുസ്‌ലിം പുരോഹിതയായ യുവതി ഒരാഴ്ച മുമ്പ് നടത്തിയ വിമാനയാത്രയ്ക്കിടയിലെ അനുഭവമാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. യാത്രയ്ക്കിടെ ആരോഗ്യപരമായ കാരണങ്ങളാണ് തുറക്കാത്ത സോഡ ചോദിച്ച യുവതിക്ക് അധികൃതര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, “ക്ഷമിക്കണം. നിങ്ങള്‍ക്ക് തുറക്കാത്ത കാന്‍ തരാനാവില്ല, അതുകൊണ്ട് ഡയറ്റ് കോക്കും (ഒരു പാനീയം) നിങ്ങള്‍ക്കില്ല”
തൊട്ടടുത്തിരുന്നയാള്‍ക്ക് അടപ്പുതുറക്കാത്ത ബിയര്‍ നല്‍കിയതുകണ്ടു യുവതി ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി നല്‍കിയതായി പറയുന്നു: “നിങ്ങളെപ്പോലുള്ളവര്‍ക്ക് തുറക്കാത്ത കാനുകള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് അനുമതിയില്ല. കാരണം നിങ്ങള്‍ ഇതു വിമാനത്തിനെതിരെ ആയുധമായി ഉപയോഗിച്ചേക്കാം.”
മറ്റുയാത്രക്കാരൊന്നും തനിക്കു സഹായത്തിനെത്തിയില്ലെന്നും യുവതി ആരോപിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു പുരുഷ യാത്രക്കാരന്‍ “നിങ്ങള്‍ മുസ്‌ലീങ്ങള്‍ മിണ്ടരുത്” എന്ന് തന്നോട് പറഞ്ഞതായും യുവതി പറയുന്നു.
യാത്രയ്ക്കിടെ നേരിട്ട മാനസികപീഡനവും വിവേചനം കാരണം തന്നോട് കരഞ്ഞുപോയെന്നും അവര്‍ പറയുന്നു.
യുവതിയുടെ പോസ്റ്റ് വന്നതോടെ മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. വിവേചനപരമായ സമീപനം സ്വീകരിച്ച യുനൈറ്റഡ് എയര്‍ലൈന്‍സ് ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടുകൊണ്ട് ആക്ടിവിസ്റ്റുകള്‍ രംഗത്തുണ്ട്.
അതിനിടെ, യാത്രയ്ക്കിടെ നടന്ന സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയുന്നതിനായി പരാതിക്കാരിയായ യുവതിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് യുനൈറ്റഡ് എയര്‍ലൈന്‍സ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്.