പാകിസ്ഥാന് യു.എസ് ധനസഹായം; പ്രതിഷേധവുമായി ഇന്ത്യ
Daily News
പാകിസ്ഥാന് യു.എസ് ധനസഹായം; പ്രതിഷേധവുമായി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th January 2015, 11:15 pm

usaid-543
ന്യൂദല്‍ഹി: തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കായി പാകിസ്ഥാന് 532 മില്ല്യണ്‍ ഡോളര്‍ അനുവദിച്ച യു.എസ് നടപടിയില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് ആത്മാര്‍ത്ഥതയില്ലെന്നാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.

ഭീകരവാദ സംഘടനകളായ ലഷ്‌കറെ ത്വയ്ബ, ജയ്‌ശെ മുഹമ്മദ്, അല്‍ ഖ്വയ്ദ തുടങ്ങിയ സംഘടനകളെ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പ്രതിരോധിച്ചതിനാണ് അമേരിക്കയുടെ ധനസഹായം. യു.എസ് കോണ്‍ഗ്രസാണ് തുക അനുവദിച്ചിരിക്കുന്നത്.

യു.എസ് വിദേശ കാര്യ സെക്രട്ടറിയുടെ അടുത്ത മാസത്തെ ഇസ്‌ലാമാബാദ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് പാകിസ്ഥാന് തുക അനുവദിച്ചിരിക്കുന്നത്.

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനമടക്കം നിരവധി വിഷയങ്ങളില്‍ ഇന്ത്യ പാകിസ്ഥാനുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന് അമേരിക്ക ധനസഹായം വെച്ചു നീട്ടിയിരിക്കുന്നത്. അതിര്‍ത്തിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന പാക് വെടിവെയ്പില്‍ നിരവധി ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് സ്വയം പൊട്ടിത്തെറിച്ചിരുന്ന പാക് ബോട്ട് മുംബൈ ഭീകരാക്രമണത്തിന്റെ ശൈലിയില്‍ വീണ്ടും രാജ്യത്ത് തീവ്രവാദിയാക്രമണം നടത്താനുള്ള പാക് ശ്രമമായി ഇന്ത്യ വിലയിരുത്തിയിരുന്നു.

ഇത് കൂടാതെ മുംബൈ ആക്രമണക്കേസ് പ്രതി സക്കിയുറഹ്മാന്‍ ലഖ്‌വിയെ ജാമ്യത്തില്‍ വിടാനുള്ള പാക്ക് കോടതിയുടെ വിധിയെ ഇന്ത്യ  ശക്തമായി അപലപിച്ചിരുന്നു.