ഗസ: ഗസയിലെ അമേരിക്കൻ ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി വാഷിംഗ്ടണിലെ ഉദ്യോഗസ്ഥർക്ക് കരാറിൽ ഏർപ്പെടാൻ കഴിയുമെന്ന് എൻ.ബി.സി. റിപ്പോർട്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഇസ്രഈലിനെതിരെ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന മൂന്നു പേരുടെ മൃതദേഹങ്ങൾക്കൊപ്പം യു.എസിലെ അഞ്ചു പൗരന്മാരെയും ഗസയിൽ തടവിലാക്കിയതായാണ് പുറത്തുവരുന്ന വിവരം.
ഇസ്രഈൽ ഉൾപ്പെടുന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടാൽ ഇസ്രഈലി അധികാരികളുടെ പങ്കാളിത്തം ഇല്ലാതെ തന്നെ ഗ്രൂപ്പുമായി ഏകപക്ഷീയമായ കരാർ ഉണ്ടാക്കാൻ യു.എസ് ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അല്ലെങ്കിൽ ഖത്തറിനെ ഇടനിലക്കാരാക്കും.
ബന്ദികളെ മോചിപ്പിച്ചാൽ പകരമായി ഹമാസിന് യു.എസ് എന്ത് വാഗ്ദാനം നൽകുമെന്ന് എൻ.ബി.സി ഉറവിടങ്ങൾ വിശദീകരിച്ചിട്ടില്ല. എന്നാലും, ഇസ്രഈലുമായുള്ള ബന്ധത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനായി വാഷിംഗ്ടണുമായി കരാർ ഉണ്ടാക്കാനുള്ള അവസരത്തെ ഹമാസ് സ്വാഗതം ചെയ്യുമെന്നും വാർത്തകൾ വരുന്നുണ്ട്. ഹമാസിന്റെ നിലവിലെ വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കാൻ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിർബന്ധിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യു. എസ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഇതിനോട് പ്രതികരിച്ചിട്ടില്ല. 250 ഓളം പേരെയാണ് ഒക്ടോബർ ഏഴിന് ഇസ്രഈലിനെതിരായ പ്രത്യാക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയത്. ഇസ്രഈൽ പ്രതിരോധ സേന ( ഐ. ഡി. എഫ് ) നടത്തിയ റെയ്ഡിൽ ഏഴുപേരെ കൂടി രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച്ച സെൻട്രൽ ഗസയിലെ നസെറാത്തിൽ ഏറ്റവും ഒടുവിലത്തെ രക്ഷാദൗത്യം നടന്നിരുന്നത്.
അതേസമയം ഇസ്രഈൽ സൈനികരിൽ നിന്നുള്ള തുടർച്ചയായ ആക്രമണം മൂലം ഗസയിലേക്കുള്ള സഹായങ്ങൾ യു.എൻ ഫുഡ് ഏജൻസി നിർത്തിവെച്ചിട്ടുണ്ട്. ഗസയിലേക്ക് എത്തിച്ചേരാൻ യു.എസ് നിർമിച്ച താത്കാലിക കടൽപ്പാലം ലക്ഷ്യമാക്കിയും ഇസ്രഈൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് യു.എൻ ഫുഡ് ഏജൻസിയുടെ നീക്കം.
Content Highlight: US agrees with Hamas to free US citizens held hostage It is reported that the agreement is about to be made