|

'ഇന്ത്യൻ ഏലിയൻസ്'; ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തിയത് ചങ്ങലക്കിട്ട് തന്നെ, കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ചങ്ങലക്കിട്ട് നടത്തിക്കുന്ന ദൃശ്യങ്ങൾ പങ്ക് വെച്ച് അമേരിക്കൻ ഏജൻസി. അമേരിക്കൻ സൈനിക വിമാനത്തിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് കാണിക്കുന്ന ഒരു വീഡിയോ യു.എസ് ബോർഡർ പട്രോൾ (യു.എസ്. ബി.പി ) മേധാവി മൈക്കൽ ഡബ്ല്യു ബാങ്ക്സ് ആണ് പങ്കവെച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള ഇല്ലീഗൽ ഏലിയൻസിനെ തിരിച്ചയച്ചു എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപും അനധികൃത കുടിയേറ്റക്കാരെ ഏലിയൻസ് എന്നായിരുന്നു വിളിച്ചത്.

ഇതോടെ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാർ സി-17 സൈനിക വിമാനത്തിൽ കയറുമ്പോഴും യാത്ര ചെയ്യുമ്പോഴും കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു എന്നതിന് വ്യക്തത ഏറിയിരിക്കുകയാണ്. 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ അമൃത്‌സറിൽ എത്തി ഒരു ദിവസം പിന്നിട്ടതിന് ശേഷമാണ് വീഡിയോ പങ്കുവെച്ചത്. ട്രംപിന്റെ കർശന നടപടികളുടെ ഭാഗമായാണ് രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തിയത്. ഇന്ത്യക്കാരെ നാടുകടത്തുന്നത് ഇതാദ്യമായാണ്.

‘യു.എസ്. ബി.പിയും പങ്കാളികളും അനധികൃത കുടിയേറ്റക്കാരെ വിജയകരമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. സൈനിക ഗതാഗതം ഉപയോഗിച്ച് ഇതുവരെ നടത്തിയ ഏറ്റവും ദൂരമുള്ള നാടുകടത്തൽ വിമാനമാണ് കഴിഞ്ഞ ദിവസം പോയത്. കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനും
നിയമത്തിന്റെ വേഗത്തിലുള്ള നീക്കം ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ ദൗത്യം അടിവരയിടുന്നത്,’ എക്‌സിൽ വീഡിയോ പങ്കിട്ടുകൊണ്ട് ബാങ്ക്സ് പറഞ്ഞു.

നിങ്ങൾ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടന്നാൽ നിങ്ങളെ നാടുകടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്ക നാടുകടത്തിയ ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള സൈനിക വിമാനം കഴിഞ്ഞ ദിവസം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാൻ സഹകരിക്കാം എന്ന് ഇന്ത്യ പ്രസ്താവിച്ചിട്ടും ഇന്ത്യക്കാരെ മിലിറ്ററി പ്ലൈനിൽ തിരിച്ചയക്കുക ആണ് അമേരിക്ക ചെയ്തത്. കൈകാലുകൾ ചങ്ങലക്കിട്ടാണ് കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചത്. ഇത് വലിയ വിവാദമായിരുന്നു.

ഇന്ത്യയിലേക്ക് പൗരന്മാരെ തിരിച്ചയച്ച അതേ രീതിയിൽ കൊളംബിയയിലേക്കും മെക്സിക്കോയിലേക്കും കുടിയേറ്റക്കാരെ തിരിച്ചയക്കാൻ അമേരിക്ക ശ്രമിച്ചിരുന്നു. എന്നാൽ താരതമ്യേനെ ചെറിയ രാജ്യമായ കൊളംബിയയും മെക്സിക്കോയും അമേരിക്കൻ മിലിറ്ററി പ്ലെയിൻ അവരുടെ എയർ സ്‌പേസിൽ പോലും കയറാൻ അനുവദിച്ചിരുന്നില്ല. അമേരിക്കയും ആയിട്ടാണ് മെക്സിക്കോയുടെ 85 ശതമാനം കച്ചവടവും എന്നിട്ടും അവർ സൈനിക വിമാനം തിരിച്ചു വിട്ടു. സിവിലിയൻ വിമാനങ്ങൾ മാത്രമേ സ്വീകരിക്കൂ എന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ കണിശമായി തന്നെ പറഞ്ഞു. അതിന് ശേഷം പാസഞ്ചർ വിമാനങ്ങളിൽ അവർ തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുവന്നു.

കുടിയേറ്റക്കാരെ അന്യഗ്രഹജീവികൾ എന്ന വിളിച്ച ട്രംപിന്റെ പരാമർശവും വലിയ വിവാദമായിരുന്നു.

‘ചരിത്രത്തിലാദ്യമായി നിയമവിരുദ്ധരായ ‘അന്യഗ്രഹജീവികളെ’ നമ്മൾ കണ്ടുപിടിക്കുകയും, അവരെ സൈനിക വിമാനങ്ങളില്‍ കയറ്റി അവര്‍ വന്ന സ്ഥലങ്ങളിലേക്ക് തന്നെ തിരികെ പറത്തുകയും ചെയ്യുകയാണ്, വര്‍ഷങ്ങളായി അവര്‍ നമ്മളെ വിഡ്ഢികളെപ്പോലെ നോക്കി കണ്ട് ചിരിക്കുകയായിരുന്നു’ എന്നായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്റെ സഹപ്രവര്‍ത്തകരോടായി ട്രംപ് അവകാശപ്പെട്ടത്.

Content Highlight: US agency video shows illegal Indian migrants chained during deportation