വാഷിങ്ടണ്‍: ഇസ്രഈല്‍ സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിയതെന്ന് അമേരിക്ക. ഒക്ടോബര്‍ ഏഴിന് ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇസ്രഈലിനെ അമേരിക്ക പരസ്യമായി വിമര്‍ശിക്കുന്നത്.
എങ്കിലും ഇസ്രഈലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനോ സൈനിക സഹായം നല്‍കുന്നത് നിര്‍ത്താനോ അമേരിക്കക്ക് പദ്ധതിയില്ല. തിങ്കളാഴ്ചയാണ് അമേരിക്ക ഇസ്രഈലിനെ വിമര്‍ശിച്ചത്.
ഗസക്കെതിരായ യുദ്ധത്തില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ അഞ്ച് യൂണിറ്റുകള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്ന് അമേരിക്കയുടെ പ്രസ്താവനയില്‍ പറയുന്നു.
മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തിയ ഗ്രൂപ്പുകള്‍ക്ക് ആയുധമോ മറ്റ് സഹായങ്ങളോ നല്‍കുന്നത് വിലക്കാനുള്ള നിയമം ഉണ്ടായിട്ട് പോലും ഇസ്രഈലിനെതിരെ ഒരു നടപടിക്കും അമേരിക്ക മുതിരില്ല.
കുറ്റാരോപണം നേരിടുന്ന സൈനിക ഗ്രൂപ്പുകള്‍ക്കെതിരെ ഇസ്രഈല്‍ സര്‍ക്കാര്‍ ഇതിനോടകം നടപടി സ്വീകരിച്ചതിനാലാണ് ഉപരോധത്തിലേക്ക് കടക്കാത്തതെന്നാണ് അമേരിക്ക നല്‍കുന്ന വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഉദ്ധരിച്ച് കൊണ്ട് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് വിഷയത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.
തെറ്റ് ചെയ്തതായി ആരോപണമുയര്‍ന്ന ഇസ്രഈലിലെ അഞ്ച് സൈനിക യൂണിറ്റുകളില്‍ നാലെണ്ണത്തിനെതിരെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒരു യൂണിറ്റിനെതിരെ നടപടിയെടുക്കാന്‍ ഇസ്രഈലുമായി ചര്‍ച്ച തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇസ്രഈല്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താന്‍ യു.എസ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അതേസമയം, ഗസയിലെ ആക്രമണങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. നെതന്യാഹുവിനെതിരായ ഐ.സി.സിയുടെ നടപടി തടയാന്‍ അമേരിക്ക ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: US accuses Israeli army units of human rights violations