വാഷിങ്ടണ്‍: അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താനായി വര്‍ഷങ്ങളായി ക്യൂബ കേന്ദ്രീകരിച്ച് ചൈനീസ് രഹസ്യാന്വേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ് ഭരണകൂടം. ക്യൂബയില്‍ വര്‍ഷങ്ങളായി ചൈനീസ് രഹസ്യാന്വേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായും 2019ല്‍ അത് നവീകരിച്ചെന്നും യു.എസ് ആരോപിച്ചു.
അമേരിക്കന്‍ സൈനിക, വാണിജ്യ കെട്ടിടങ്ങളില്‍ നിന്നുള്ള ഇലക്ട്രോണിക് സിഗ്‌നലുകള്‍ തടസപ്പെടുത്താന്‍ ഈ കേന്ദ്രത്തിന് കഴിയുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രതിനിധികളെ ഉദ്ധരിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ യു.എസ് പ്രസിഡന്റ് ട്രംപിന്റെ കാലത്തേ ഈ വിവരം അമേരിക്കക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, അമേരിക്ക തെളിവുകള്‍ നല്‍കാതെ അപകീര്‍ത്തികരമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ചില മാധ്യമങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും ക്യൂബ പ്രതികരിച്ചു. ഹാക്കിങ്ങിന്റെ ആഗോള ചാമ്പ്യനും നിരീക്ഷണത്തിന്റെ സൂപ്പര്‍ പവറും യു.എസ് ആണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
ലോകത്തിന്റെ പലഭാഗത്തും സമാനമായ രഹസ്യാനേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടെന്നും യു.എസ് അധികൃതര്‍ ആരോപിക്കുന്നു. ജൂണ്‍ 18ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബീജിങ് സന്ദര്‍ശിക്കുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയായി ദ്വീപില്‍ രഹസ്യാന്വേഷണ സൗകര്യം സ്ഥാപിക്കാന്‍ ക്യൂബയുമായി ചൈന രഹസ്യ കരാറില്‍ ഏര്‍പ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ കുറച്ച് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രഹസ്യാന്വേഷണ യൂണിറ്റ് വികസിപ്പിക്കാന്‍ ക്യൂബക്ക് കോടിക്കണക്കിന് ഡോളര്‍ നല്‍കാന്‍ ചൈന പദ്ധതിയിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.