സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെ വമ്പന്‍ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യ ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് വെറും 13.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
ഗുജറാത്തിന് വേണ്ടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഉര്‍വില്‍ പട്ടേലാണ്. 41 പന്തില്‍ നിന്ന് എട്ട് ഫോറും 11 സിക്‌സും ഉള്‍പ്പെടെ 115 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനമാണ് താരം കാഴ്ചവെച്ചത്.
280.49 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ പട്ടേല്‍ 36ാം പന്തിലാണ് സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞയാഴ്ച ത്രിപുരയ്ക്കെതിരെ 28 പന്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ടി-20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാം സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ താരത്തിന് ഇരട്ട റെക്കോഡ് സ്വന്തമാക്കാനും സാധിച്ചിരിക്കുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 2024 സീസണില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന താരമാകാനും ടി-20 ക്രിക്കറ്റില്‍ 40 പന്തിന് താഴെ നേരിട്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാകാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
ആദ്യ മത്സരത്തില്‍ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ 35 പന്തില്‍ പുറത്താകാതെ 113 റണ്‍സാണ് പട്ടേല്‍ അടിച്ചുകൂട്ടിയത്. 12 സിക്സും ഏഴ് ഫോറും അടക്കം മിന്നും പ്രകടനമായിരുന്നു ഉര്‍വില്‍ കാഴ്ചവെച്ചത്.
2023 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയെങ്കിലും 26കാരനായ താരത്തെ 2024 സീസണില്‍ ഗുജറാത്ത് വിട്ടയച്ചു. എന്നിരുന്നാലും 30 ലക്ഷം അടിസ്ഥാനവിലയില്‍ ഉര്‍വില്‍ 2025 ഐ.പി.എല്‍ മെഗാ താരലേത്തില്‍ പങ്കെടുത്തെങ്കിലും ഒരു ടീം പോലും യുവ താരത്തെ സ്വന്തമാക്കിയില്ല.
Content Highlight: Urvil Patel In Great Record Achievement In syed Mushtaq Ali Trophy