മെയിന്‍ സ്ട്രീമില്‍പ്പെടാത്ത ആക്ടേഴ്സിന്റെ കൂടെ അഭിനയിച്ചാല്‍ പിന്നെ മെയിന്‍സ്ട്രീമില്‍പ്പെട്ടവരുടെ കൂടെ അഭിനയിക്കാന്‍ കഴിയില്ലെന്നില്ലെന്ന് നടി ഉര്‍വശി. താന്‍ തന്റെ ജോലി ചെയ്യാനാണ് വന്നിരിക്കുന്നതെന്നും ബാക്കിയുള്ള കാര്യങ്ങള്‍ ഡയറക്ടേഴ്സും പ്രൊഡ്യൂസേഴ്സും തീരുമാനിക്കുമെന്നും ഉര്‍വശി പറഞ്ഞു.
ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്.
‘ജഗദീഷേട്ടന്‍ വളരെ വിദ്യാഭ്യാസമുള്ളയാളാണ്. സ്‌ക്രിപ്റ്റ് സെന്‍സുള്ളയാളാണ്. എഴുതുന്നയാളാണ്, നല്ല ക്യാരക്റ്റേര്‍സും ചെയ്തിട്ടുണ്ട്. നായകനായിരിക്കാന്‍ പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ലല്ലോ.
മുന്‍പ് കുറേയൊക്കെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒട്ടുമില്ല. മെയിന്‍സ്ട്രീമില്‍പ്പെടാത്ത ആക്ടേഴ്സിന്റെ കൂടെ അഭിനയിച്ചാല്‍ പിന്നെ മെയിന്‍സ്ട്രീമില്‍പ്പെട്ടവരുടെ കൂടെ അഭിനയിക്കാന്‍ കഴിയില്ല എന്നൊന്നുമില്ല.
ഞാന്‍ എന്റെ ജോലി ചെയ്യാനാണ് വന്നിരിക്കുന്നത്, ബാക്കിയുള്ള കാര്യങ്ങള്‍ ഡയറക്ടേഴ്സും പ്രൊഡ്യൂസേഴ്സും തീരുമാനിക്കും.’ ഉര്‍വശി പറഞ്ഞു.
പലരും തന്റെ നായികയായി അഭിനയിക്കാന്‍ മടിച്ചുനിന്നപ്പോള്‍ ഉര്‍വശി അഭിനയിക്കാന്‍ തയ്യാറായെന്നുള്ള ജഗദീഷിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
എല്ലാ സിനിമകളും മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്തിറക്കുന്നത് കൊണ്ട് മാത്രം പ്രേക്ഷകസ്വീകാര്യത ഉണ്ടാവണമെന്നില്ലെന്നും നടി പറഞ്ഞു. മലയാളിയുടെ സിനിമാസ്വാദനത്തെക്കുറിച്ചും ഉര്‍വശി സംസാരിച്ചു.
‘മലയാളികള്‍ക്ക് ഏതു ഭാഷയിലെ സിനിമയും ആ ഭാഷയില്‍തന്നെ കണ്ടാസ്വദിക്കാനുള്ള കഴിവുണ്ട്. തമിഴ് സിനിമയൊക്കെ നമ്മള്‍ നമ്മുടെ സിനിമ പോലെ തന്നെ കണ്ട് ആസ്വദിക്കുകയാണ്. അതുപോലെ തെലുങ്കും മറ്റെല്ലാ ഭാഷാ സിനിമകളും. ഒ.ടി.ടി. സമ്പ്രദായത്തിന്റെ കടന്നുവരവോടെ എല്ലാ ഭാഷാ സിനിമകളും നമ്മള്‍ കാണുന്നുണ്ട്.
പക്ഷേ ആ നാടിനനുയോജ്യമായ ഒരു കഥയായിരിക്കണം, അവിടെ സംഭവിക്കാത്ത ചില കാര്യങ്ങള്‍, ചില സംസ്‌കാരത്തിന്റെ കാര്യങ്ങള്‍ എല്ലാ കാലത്തും അത് മുഖവിലക്കെടുക്കണം. പ്രത്യേകിച്ച് പ്രാദേശികമായിട്ട് പറയുന്ന ഒരു കഥയല്ലാതിരുന്നാല്‍ തീര്‍ച്ചയായിട്ടും വിജയിക്കും,’ ഉര്‍വശി പറഞ്ഞു.
സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്യുന്ന ചാള്‍സ് എന്റര്‍പ്രൈസസ് ആണ് ഉര്‍വശി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ബേസില്‍ ജോസഫ്, ഗുരു സോമസുന്ദരം, കലെയ് അരസന്‍, സുജിത് ശങ്കര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍ ചെയ്തിരിക്കുന്നത്.