മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. വിവിധ ഭാഷകളിലായി വ്യത്യസ്ത സിനിമകളിലൂടെ ഞെട്ടിച്ചിട്ടുള്ള ഉർവശി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തുന്ന ഉള്ളോഴുക്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
ഉർവശിയുടെ കരിയറിൽ ഗംഭീര തിരിച്ചുവരവ് സമ്മാനിച്ച ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ. ഉർവശിയോടൊപ്പം മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാവുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിരുന്നു.
അച്ചുവിന്റെ അമ്മ താൻ തെരഞ്ഞെടുത്തില്ലെങ്കിൽ ആ സിനിമ മാറ്റി വെക്കേണ്ടി വന്നേനെയെന്നാണ് ഉർവശി പറയുന്നത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് സത്യൻ അന്തിക്കാടെന്നും അങ്ങനെയാണ് ആ സിനിമയുടെ ഭാഗമായതെന്നും ഉർവശി പറയുന്നു. എന്നാൽ ചിത്രത്തിന് ശേഷം പിന്നീട് ഒരുപോലെയുള്ള കഥകളാണ് തന്നെ തേടി വന്നതെന്നും ഉർവശി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.
‘അച്ചുവിന്റെ അമ്മ ചെയ്യുമ്പോൾ ഒരു അമ്മ കഥാപാത്രം ചെയ്യാനുള്ള പ്രായം എനിക്കുണ്ടായിരുന്നില്ല. ആ സിനിമ ചെയ്യുമ്പോൾ എന്റെ മോൾക്ക് അന്ന് രണ്ടര വയസ്സ് മാത്രമേയുള്ളൂ.
ആ കഥാപാത്രം തെരഞ്ഞെടുത്തത് തീർച്ചയായും സിനിമയിലേക്ക് തിരിച്ചുവരണം എന്ന് ആഗ്രഹമുള്ളത് കൊണ്ട് തന്നെയാണ്. ഞാൻ ചെയ്തില്ലെങ്കിൽ ആ ഒരു സ്ക്രിപ്റ്റ് പിന്നെ മാറ്റി വെക്കാനേ പറ്റുള്ളൂവെന്ന് പറഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സംവിധായകൻ അങ്ങനെ പറയുമ്പോൾ അതിൽ വിശ്വസിക്കുക എന്നതാണ് എനിക്ക് ചെയ്യാൻ പറ്റുക. അങ്ങനെയാണ് ഞാൻ ആ കഥാപാത്രം തെരഞ്ഞെടുത്തത്.
പക്ഷെ പിന്നെയുള്ള സംഗതി ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെയായി. ഒരേ പറ്റേണിൽ കുറെ കഥകൾ വന്നു. അതിൽ നിന്ന് ഞാൻ മമ്മി ആൻഡ് മീയും സകുടുംബം ശ്യാമളയും ചൂസ് ചെയ്തു. രണ്ടും രണ്ട് വ്യത്യസ്തത ഉള്ളതുകൊണ്ട്. പിന്നെ അത് തന്നെ. സംവിധായകന്റെ സ്റ്റുഡന്റ് ആയിട്ടെ എനിക്കന്നും ഇന്നും നിൽക്കാൻ പറ്റിയിട്ടുള്ളൂ,’ഉർവശി പറയുന്നു.
Content Highlight: Urvashy Talk About Achuvinte Amma Movie