| Sunday, 21st January 2024, 11:52 am

ആ സീൻ കഴിഞ്ഞതോടെ ജയറാമിനെ എനിക്ക് മുൻപരിചയം തോന്നി; അപൂർവ്വം ആളുകളെ നമുക്കങ്ങനെ തോന്നുകയുള്ളൂ: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി ഉർവശി. പൊന്മുട്ട ഇടുന്ന താറാവ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് താൻ ജയറാമിനെ ആദ്യമായി കാണുന്നതെന്നും എന്നാൽ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ ഒരുപാട് വർഷം പരിചയമുള്ള ഒരാളെപ്പോലെ തോന്നിയെന്നും ഉർവശി പറഞ്ഞു. അങ്ങനെയൊരടുപ്പം ചുരുക്കം ചിലരോടെ തോന്നുകയുള്ളൂയെന്നും ഉർവശി കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ സംഘടിപ്പിച്ച ‘സ്നേഹപൂർവ്വം ജയറാമേട്ടൻ’ എന്ന പരിപാടിയിലാണ് ഉർവശി തന്റെ അനുഭവം പങ്കുവെച്ചത്.

‘ഞാൻ ആദ്യമായി ജയറാമിനെ കാണുന്നത് പൊന്മുട്ടയിടുന്ന താറാവ് എന്ന ലൊക്കേഷനിൽ വെച്ചാണ്. ആ സിനിമയുടെ ഷൂട്ടിങ് പാലക്കാടിനും തൃശ്ശൂരിനും ഇടക്കായിരുന്നു എന്റെ വീട് ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് ഉച്ചക്ക് ഒരു ബ്രേക്കിന് ഞാനും കെ.പി.സി ലളിത ചേച്ചിയും കിടന്നുറങ്ങും. ഞങ്ങൾ സ്ഥിരമായിട്ട് കണ്ടെത്തുന്നത് പോലെ ഉറങ്ങാൻ ഒരു സ്ഥലം കണ്ടെത്തി. വേഗം ഊണ് കഴിച്ചോ ആരെങ്കിലും കണ്ടുകഴിഞ്ഞാൽ ഷോട്ട് റെഡിയായി എന്ന് പറഞ്ഞു വിളിക്കും എന്ന് കരുതി വേഗം പോയി കിടക്കും. ചേച്ചിക്ക് എന്നും ഉച്ചയാകുമ്പോൾ ഒന്നു മയങ്ങണം, എന്നെയും കൂടെ വിളിക്കും. ഞാൻ അവിടെ പോയി കിടന്നു നല്ല ഉറക്കമായിരുന്നു.

പെട്ടെന്ന് മാനേജർ വിളിച്ചു ഒന്നെണീക്കുമോയെന്ന് ചോദിച്ചു. ഷോട്ട് ഒരു മണിക്കൂർ കഴിയുമെന്ന് പറഞ്ഞല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ ഒരാൾ കാണാൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഞാനിങ്ങനെ നോക്കിയപ്പോൾ നല്ല പൊക്കത്തിൽ ഒരു മെലിഞ്ഞ കക്ഷി, ജയറാം. ഞാൻ ചോദിച്ചു ജയറാം അല്ലേ, ഞാനറിഞ്ഞു. മൂന്നുദിവസമായി വരും വരുമെന്ന് പറഞ്ഞിരുന്നു. നമസ്കാരം’ ഒക്കെ പറഞ്ഞു.

‘അതെ ഞാൻ വേറൊരു ഷൂട്ടിലായിരുന്നു. പെരുമ്പാവൂർ ആണ് വീട്’ എന്ന് പറഞ്ഞു. അങ്ങനെ ചെറിയൊരു പരിചയത്തിൽ തുടങ്ങിയതാണ്. അതിനടുത്ത സീൻ തുടങ്ങി കഴിഞ്ഞപ്പോൾ ഒരുപാട് വർഷങ്ങൾ എനിക്ക് പരിചയമുള്ള ഒരാളുടെ കൂടെ വർക്ക് ചെയ്യുന്ന ഒരാളായിട്ട് എനിക്ക് തോന്നി. വളരെ അപൂർവ്വം ആളുകളെ നമുക്ക് അങ്ങനെ അടുപ്പം തോന്നുകയുള്ളൂ. അന്നുമുതൽ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്. പിന്നീട് പാർവതിയുടെയും ജയറാമിന്റെയും പ്രണയത്തിനിടക്ക് ഒരുപാട് കള്ളത്തരങ്ങൾ അവർക്ക് വേണ്ടി ചെയ്യേണ്ടി വന്നു. ഞാൻ
അച്ചുവിന്റെ (പാർവതി) അമ്മയുടെ കണ്ണിലെ കരട് ആയിട്ടുണ്ട്,’ ഉർവശി പറഞ്ഞു.

Content Highlight: Urvashi about her first meeting with jayaram

We use cookies to give you the best possible experience. Learn more