ആറാമത്തെ സംസ്ഥാന അവാര്‍ഡ് നേടി ഉര്‍വശി ഇനി സ്ഥാനം മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം
Film News
ആറാമത്തെ സംസ്ഥാന അവാര്‍ഡ് നേടി ഉര്‍വശി ഇനി സ്ഥാനം മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th August 2024, 1:28 pm

മലയാളത്തിലെ മികച്ച നടി ആരെന്ന കാര്യത്തില്‍ ഇനി തര്‍ക്കമില്ല. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി ഇന്ത്യന്‍ സിനിമക്ക് മുന്നില്‍ മലയാളത്തിന് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന നടിയാണ്. 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 600ലധികം ചിത്രങ്ങളുടെ ഭാഗമായി.

1989ലാണ് കരിയറിലെ ആദ്യ സംസ്ഥാന അവാര്‍ഡ് ഉര്‍വശി നേടിയത്. മഴവില്‍ക്കാവടി, വര്‍ത്തമാനകാലം എന്നീ സിനിമകളിലെ പ്രകടനത്തിനാണ് ഉര്‍വശി അവാര്‍ഡിനര്‍ഹയായത്. പിന്നീട് അടുത്തടുത്ത വര്‍ഷങ്ങളില്‍ അവാര്‍ഡ് നേടി ഹാട്രിക് നേട്ടം സ്വന്തമാക്കി. 1990ല്‍ തലയണമന്ത്രത്തിലും, 91ല്‍ കാക്കത്തൊള്ളായിരം, കടിഞ്ഞൂല്‍ കല്യാണം, ഭരതം, മുഖചിത്രം എന്നീ സിനിമകളിലെ പ്രകടനത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്.

നാല് വര്‍ഷത്തിന് ശേഷം 1995ല്‍ കഴകത്തിലൂടെ നാലാമത്തെ അവാര്‍ഡും, 2007ല്‍ മധുചന്ദ്രലേഖയിലൂടെ അഞ്ചാമത്തെ അവാര്‍ഡും സ്വന്തമാക്കി. 50ലധികം വര്‍ഷങ്ങള്‍ പിന്നിട്ട സിനിമാജീവിതത്തില്‍ വീണ്ടും പ്രകടനത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ്. ഉള്ളൊഴുക്കിലെ ലീലാമ്മ എന്ന കഥാപാത്രമായി പകരം വെക്കാനില്ലാത്ത പ്രകടനം കാഴ്ചവെച്ചാണ് ആറാമത്തെ അവാര്‍ഡും ഉര്‍വശി നേടിയിരിക്കുന്നത്.

1994,1995 വര്‍ഷങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും ഉര്‍വശിയെത്തേടി എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നിരയിലേക്ക് നടന്നുകയറാന്‍ ഉര്‍വശിക്ക് ഉള്ളൊഴുക്കിലെ അവാര്‍ഡിലൂടെ സാധിച്ചു. പകരം വെക്കാനില്ലാത്ത പ്രതിഭയായി ഉര്‍വശി മാറിയിരിക്കുകയാണ്. ഇനിയും തന്റെയുള്ളില്‍ അഭിനയത്തിന്റെ തീ കെടാതിരിക്കുകയാണെന്ന് തെളിയിക്കുകയാണ് ഉര്‍വശി.

Content Highlight: Urvashi won sixth award for Best actress in 54th State Film Awards