Entertainment
എന്നെ ആദ്യം ഉര്‍വശിയെന്ന് വിളിച്ചത് അദ്ദേഹം; പേര് മാറ്റത്തിന്റെ കഥ പറഞ്ഞ് ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 19, 08:06 am
Thursday, 19th November 2020, 1:36 pm

2020ല്‍ അഭിനയിച്ച എല്ലാ സിനിമകളും ശ്രദ്ധേയമായതിന്റെ സന്തോഷത്തിലാണ് നടി ഉര്‍വശി. വരനെ ആവശ്യമുണ്ട്, പുത്തംപുതുകാലൈ, സൂരരൈ പോട്ര്, മൂക്കുത്തി അമ്മന്‍ എന്നീ സിനിമകളില്‍ ഉര്‍വശി ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഉര്‍വശിയുടെ ഏറ്റവും ഒടുക്കം ഇറങ്ങിയ സൂരരൈ പോട്ര് എന്ന തമിഴ് സിനിമയിലെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് സിനിമക്കകത്തു നിന്നും പുറത്തു നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ കവിതാ രഞ്ജിനി എന്ന പേര് എങ്ങനെ ഉര്‍വശിയായെന്ന കഥ തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഡൂള്‍ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഉര്‍വശി പേരുമായി ബന്ധപ്പെട്ട കൗതുകം വെളുപ്പെടുത്തിയത്.

മുന്താണി മുടിച്ച് എന്ന ആദ്യ സിനിമക്കൊപ്പം ഉര്‍വശി മറ്റൊരു സിനിമയിലും അഭിനയിച്ചിരുന്നു. ആ സിനിമയുടെ നിര്‍മാതാവായ ജീവ എന്നു പേരുള്ള ആളാണ് തനിക്ക് ഉര്‍വശി എന്ന് പേരിട്ടതെന്ന് അഭിമുഖത്തില്‍ അവര്‍ പറയുന്നു.

ഭാഗ്യരാജ് സാറിന്റെ ‘മുന്താണി മുടിച്ച്’ എന്ന എന്റെ ആദ്യ സിനിമയ്‌ക്കൊപ്പം ഞാന്‍ വേറൊരു പടവും ചെയ്തിരുന്നു. അതിന്റെ നിര്‍മാതാവ് ജീവ എന്ന് പേരുള്ള വളരെ പ്രായമുള്ള ഒരാളായിരുന്നു. ഡയറക്ടര്‍ പുതിയ ഒരാളായിരുന്നു. ബാലാജി സാറിന്റെ യൂണിറ്റ് ആയിരുന്നു ആ സിനിമ ചെയ്തിരുന്നത്.

മുമ്പ് കവിത എന്നൊരു നായിക തമിഴ് സിനിമയില്‍ ഉണ്ടായിരുന്നു. അവര് കുറച്ച് കൗബോയ് സിനിമകളൊക്കെയായിരുന്നു ചെയ്തിരുന്നത്. ആ സാഹചര്യത്തില്‍ അതേ പേര് വേണ്ട എന്ന ചര്‍ച്ചയുടെ പുറത്താണ് പേര് മാറ്റുന്നത്.

അഭിനയത്തിനുള്ള ഏറ്റവും വലിയ അംഗീകാരം ഉര്‍വശി അവാര്‍ഡ് ആണെന്നും അതുകൊണ്ട് ഈ കുട്ടിയുടെ പേര് ഉര്‍വശി എന്നിരിക്കട്ടെയെന്നും പറഞ്ഞത് ആ സിനിമയുടെ നിര്‍മാതാവ് ആണ്. ഉര്‍വശി പറഞ്ഞു.

നാളെ ഈ കുട്ടിക്ക് ഉര്‍വശി അവാര്‍ഡ് കിട്ടുമായിരിക്കുമെന്നും ജീവ എന്ന നിര്‍മാതാവ് പറഞ്ഞതായി ഉര്‍വശി കൂട്ടിച്ചേര്‍ത്തു. അന്ന് തനിക്ക് വളരെ ചെറുപ്പമായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

Content Highlight: Urvashi tells about her name