ശശിധരന്‍ ആറാട്ടുവഴി തിരക്കഥയെഴുതി സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. 1992ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തൈപ്പറമ്പില്‍ അശോകനായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. സിദ്ധാര്‍ത്ഥ് ലാമ, ജഗതി ശ്രീകുമാര്‍, പുനീത് ഇസ്സാര്‍, മധുബാല എന്നിവരും യോദ്ധക്കായി ഒന്നിച്ചിരുന്നു. മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട ചിത്രത്തില്‍ കുറഞ്ഞ ചില രംഗങ്ങളില്‍ ഉര്‍വശിയും എത്തിയിരുന്നു. താരത്തിന്റെ ദമയന്തി എന്ന കഥാപാത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ആ സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് ഉര്‍വശി.
‘ഞാന്‍ യോദ്ധയുടെ ഡയറക്ടര്‍ സംഗീത് ശിവന്റെയും ടീമിന്റെയും ആദ്യ സിനിമയായ വ്യൂഹത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഞാനും രഘുവരനുമാണ് ആ സിനിമയില്‍ അഭിനയിച്ചത്. അവരുടെ രണ്ടാമത്തെ സിനിമയായിരുന്നു യോദ്ധ. പക്ഷെ ആ സമയത്ത് ഞാന്‍ കുറേ തിരക്കിലായിരുന്നു. അതുകൊണ്ട് നേപ്പാള്‍ വരെ പോയി വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. എന്റെ അവസ്ഥ അതായത് കൊണ്ട് ഞാന്‍ ആ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു.
പക്ഷെ അത് അവര്‍ ഒരു പരിഭവമായി കൊണ്ടു നടന്നു. അങ്ങനെ ഞാന്‍ കോഴിക്കോട് നിന്ന് പോകുന്ന വഴി ഷൊര്‍ണൂരില്‍ ഇറങ്ങി. അവിടെ ചെന്നതും ഞാന്‍ അവരോട് എന്റെ സത്യാവസ്ഥ പറഞ്ഞു. ഇങ്ങനെയൊരു അവസ്ഥ ആയത് കൊണ്ടാണെന്ന് പറഞ്ഞതും ഇതില്‍ ഒരു ഗസ്റ്റ് റോളുണ്ട്, അതില്‍ അഭിനയിച്ചിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അന്ന് അവിടെ തന്നെ നില്‍ക്കുകയും രാത്രി വരെ വര്‍ക്ക് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം വെളുപ്പിനാണ് ഞാന്‍ എറണാകുളത്തേക്ക് തിരിച്ച് പോകുന്നത്.
സത്യത്തില്‍ ആ കഥാപാത്രം അത്രമാത്രം നന്നാവുമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇന്നും എല്ലാവരും ആ കഥാപാത്രത്തെ പറ്റി വലിയ സംഭവമാക്കി പറയുന്നത് കേള്‍ക്കാം. എനിക്ക് അതില്‍ ഒന്നും തോന്നിയിട്ടേയില്ല. പിന്നെ ആ കഥാപാത്രം അത്രയും നന്നായത് അമ്പിളിയങ്കിളുമായുള്ള ആത്മബന്ധം കാരണമാണ്. അന്ന് അതിനൊക്കെ വലിയ വാല്യു ഉണ്ടായിരുന്നു,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi Talks About Yoddha Movie