|

വരനെ ആവശ്യമുണ്ട് സിനിമയിലെ എന്റെ റോള്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നെങ്കില്‍ അത് ചിലരെ വേദനിപ്പിച്ചേനെ: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഒന്നിച്ച് 2020ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയായിരുന്നു ഇത്. വലിയൊരു ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയരംഗത്ത് സജീവമായ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്.

കെ.പി.എ.സി ലളിത, മേജര്‍ രവി, ലാലു അലക്‌സ് തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തിയ സിനിമയില്‍ ഉര്‍വശിയും ഒന്നിച്ചിരുന്നു. എന്നാല്‍ താന്‍ ഈ സിനിമ ഒഴിവാക്കാന്‍ നോക്കിയിരുന്നെന്ന് പറയുകയാണ് ഉര്‍വശി. തന്റെ റോള്‍ എന്തെങ്കിലും കാരണം കൊണ്ട് സിനിമയുടെ പ്ലസ് പോയിന്റായാല്‍ മറ്റു ചിലരെ അത് വേദനിപ്പിക്കുമായിരുന്നു എന്നും താരം പറയുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഒരു സമയം ഒരു സിനിമ ചെയ്യുന്നതാണ് നല്ലത്. മുമ്പൊക്കെ ഓടി നടന്ന് സിനിമകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ അഞ്ചാറ് പടങ്ങള്‍ ഒരുമിച്ച് ചെയ്യാനുള്ള ഓപ്ഷനൊന്നും ഇല്ലല്ലോ. കുറേ സിനിമകള്‍ ചെയ്ത് കഴിഞ്ഞാലും ശേഷം അവര്‍ നമുക്ക് ഒരു സീനിയോറിറ്റി തരും. പക്ഷെ എന്തിനാണ് എണ്ണം തികക്കാന്‍ ഇങ്ങനെ ഓടി നടക്കുന്നത്. നമുക്ക് തൃപ്തിയാകുന്ന ഒരു റോള് ചെയ്താല്‍ പോരെ.

എവിടെയെങ്കിലും എനിക്ക് ജെസ്റ്റിഫൈ ചെയ്യാന്‍ കഴിയാത്ത കഥാപാത്രം എന്തിനാണ് ഞാന്‍ ചെയ്യുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ അത് ഒഴിവാക്കാന്‍ നോക്കിയതാണ്. കാരണം അതിലെ എന്റെ റോള്‍ എന്തെങ്കിലും കാരണം കൊണ്ട് സിനിമയുടെ പ്ലസ് പോയിന്റായാല്‍ മറ്റു ചിലരെ അത് വേദനിപ്പിക്കും. അതുകൊണ്ട് എനിക്ക് പബ്ലിസിറ്റി കൊടുക്കരുതെന്ന് പറയുകയായിരുന്നു. അതില്‍ ഒരു പോസ്റ്ററില്‍ പോലും എന്റെ പേര് ചേര്‍ത്തിട്ടില്ല.

അങ്ങനെയൊക്കെ ചില സിനിമകള്‍ നമ്മള്‍ വേണ്ടെന്ന് വെയ്ക്കും. കാരണം അത് നമുക്ക് മനസിലാകുന്നതാണ്. എന്തെങ്കിലും കാരണത്തില്‍ ആ കഥാപാത്രം ഹൈലൈറ്റായാല്‍ ചിലര്‍ക്ക് അത് ബുദ്ധിമുട്ടാകും. പക്ഷെ നമുക്ക് ഇപ്പോള്‍ ഓപ്ഷനുകള്‍ കുറവാണ്. പത്ത് സിനിമകള്‍ വന്നാല്‍ ഒന്നോ രണ്ടോ എണ്ണമേ നമ്മള്‍ തെരഞ്ഞെടുക്കുകയുള്ളു,’ ഉര്‍വശി പറഞ്ഞു.


Content Highlight: Urvashi Talks About Varane Avashyamund Movie