|

ആ നടി ആക്ഷന്‍ സിനിമകള്‍ ചെയ്തപ്പോള്‍ അഹങ്കാരി എന്ന നെഗറ്റീവ് ഇമേജാണ് ലഭിച്ചത്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീ കേന്ദ്രികൃത സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. താന്‍ സിനിമയില്‍ വരുന്നതിനും എത്രയോ കാലം മുമ്പുതന്നെ സ്ത്രീ കേന്ദ്രീകൃതമായിട്ടുള്ള സിനിമകള്‍ വന്നിട്ടുണ്ടെന്നും സരോജനി ദേവി അമ്മ, വിജയകുമാരി തുടങ്ങിയവര്‍ അത്തരം സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു.

ഹേമ മാലിനിക്ക് വേണ്ടിയും ശ്രീദേവിക്ക് വേണ്ടിയും സിനിമകള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ ഒരു സീസണില്‍ മാത്രമാണ് അവരുടെ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും ഉര്‍വശി പറഞ്ഞു. അത്തരത്തിലുള്ളവ പൊളിച്ചെഴുതാന്‍ വന്ന ആക്ഷന്‍ താരമാണ് വിജയശാന്തി എന്നും ഹീറോ ചെയ്യുന്നുണ്ടെകില്‍ എന്തുകൊണ്ട് തനിക്കും ചെയ്തുകൂടാ എന്ന ചോദ്യം അവര്‍ ചോദിച്ചിരുന്നെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ അതിനുള്ള ശ്രമം നടത്തിയ അഭിനേത്രിയാണ് വാണി വിശ്വനാഥ് എന്ന് നടി പറഞ്ഞു. എന്നാല്‍ വാണി വിശ്വനാഥ് ആക്ഷന്‍ ചെയ്തപ്പോള്‍ ആക്ഷന്‍ സിനിമകള്‍ ചെയ്യുന്ന അഹങ്കാരി എന്ന നെഗറ്റീവ് ഇമേജാണ് ലഭിച്ചതെന്നും ഉര്‍വശി വ്യക്തമാക്കി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഞാന്‍ സിനിമയില്‍ വരുന്നതിനും ഒരുപാട് കാലം മുമ്പുതന്നെ ഒരുപാട് സ്ത്രീ കേന്ദ്രീകൃതമായിട്ടുള്ള സിനിമകള്‍ വന്നിട്ടുണ്ട്. സരോജനി ദേവി അമ്മ ചെയ്തിട്ടുണ്ട്, വിജയകുമാരി ചെയ്തിട്ടുണ്ട്, അങ്ങനെ എത്രയോ സിനിമകള്‍ ഫീമെയില്‍ സെന്‍ട്രിക്കായി വന്നിട്ടുണ്ട്.

ഹേമ മാലിനിക്ക് വേണ്ടി മാത്രമായി സിനിമകള്‍ വന്നിട്ടുണ്ട്. ശ്രീദേവിക്ക് വേണ്ടി സിനിമകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴുണ്ടായിരുന്ന പ്രശ്‌നം ഒരു സീസണ്‍ കഴിഞ്ഞാല്‍ ആ സംസാരം അവിടെ നിന്ന് പോകുകയായിരുന്നു. അത് പൊളിച്ചെഴുതാന്‍ വേണ്ടി വിജയശാന്തി വലിയ ആക്ഷന്‍ താരമായി വന്നു.

ആണുങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ എനിക്കെന്തുകൊണ്ട് ചെയ്തുകൂടാ എന്നായിരുന്നു വിജയശാന്തി ചോദിച്ചത്. ചില സിനിമകളില്‍ വാണി വിശ്വനാഥ് ഇതേ കാര്യം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോഴും ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യുന്ന അഹങ്കാരി എന്ന നെഗറ്റീവ് ഇമേജ് ആയിരുന്നു അവര്‍ക്ക് വന്നത്.

ഒരു കൊമേഴ്സ്യല്‍ സിനിമയില്‍ അത്യാവശ്യമായുള്ള ഘടകം തന്നെയാണ് ആക്ഷന്‍. ആക്ഷന്‍ ചെയ്താല്‍ മാത്രമേ സ്റ്റാര്‍ഡം ഉണ്ടാകു എന്ന ചിന്തയാണ് മെയില്‍ ഹീറോകള്‍ക്ക്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About Vani Viswanath And Female Centric Films