സുധ കൊങ്കാരയുടെ സംവിധാനത്തില്‍ 2020ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് സൂരറൈ പോട്ര്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ പുറത്തിറങ്ങിയത്.
അപര്‍ണ ബാലമുരളി – സൂര്യ എന്നിവര്‍ ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു സൂരറൈ പോട്ര്. ചിത്രത്തില്‍ നടി ഉര്‍വശിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോള്‍ സൂര്യയെ കുറിച്ചും സൂരറൈ പോട്ര് സിനിമയെ കുറിച്ചും പറയുകയാണ് ഉര്‍വശി. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
സിനിമയില്‍ സൂര്യ സ്വന്തം കഥാപാത്രം വളരെ മനോഹരമായി ചെയ്തത് കൊണ്ട് മാത്രമാണ് തന്റെ കഥാപാത്രവും അത്രയധികം ശ്രദ്ധിക്കപ്പെട്ടതെന്നാണ് ഉര്‍വശി പറയുന്നത്. ഒരു സീനിയര്‍ അഭിനേത്രിയെന്ന നിലയില്‍ തന്നെ വളരെയധികം ബഹുമാനിക്കുന്ന നടനാണ് സൂര്യയെന്നും സൂരറൈ പോട്ര് സിനിമക്കായി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘സൂര്യ സൂരറൈ പോട്രില്‍ അത്രയും മനോഹരമായി ചെയ്തത് കൊണ്ട് മാത്രമാണ് എന്റെ കഥാപാത്രവും അത്രയധികം ശ്രദ്ധിക്കപ്പെട്ടത്. നമ്മുടെ ഓപ്പോസിറ്റ് നില്‍ക്കുന്ന അഭിനേതാവിന്റെ പ്രകടനത്തിന് അനുസരിച്ചാണല്ലോ നമ്മുടെ പ്രകടനവും മെച്ചപ്പെടുന്നത്.
പിന്നെ സൂര്യയുടെ കുടുംബവുമായി വളരെ കാലം മുമ്പുള്ള ബന്ധമാണ് എനിക്കുള്ളത്. സിനിമയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന നല്ല അച്ചടക്കമുള്ള കുടുംബമാണ് അവരുടേത്. സൂര്യയുടെ നിര്‍മാണ കമ്പനി ആയതുകൊണ്ടുതന്നെ വളരെ നല്ല സൗകര്യങ്ങളോടെ ആയിരുന്നു ചിത്രീകരണം നടന്നത്.
ഒരു സീനിയര്‍ അഭിനേത്രി എന്ന നിലയില്‍ നമ്മളെ വളരെയധികം ബഹുമാനിക്കുന്ന നടനാണ് സൂര്യ. ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് സൂര്യ. പല കാലഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന കഥാപാത്രമായിരുന്നു സൂര്യയുടേത്.
അതുകൊണ്ട് തന്നെ കഠിനമായ വ്യായാമങ്ങളും ചിട്ടയായ ഭക്ഷണക്രമവുമൊക്കെ പാലിച്ചാണ് സൂര്യ ആ കഥാപാത്രമായി മാറിയത്. എന്നെ കൊണ്ടൊന്നും അത് ചിന്തിക്കാന്‍ കഴിയില്ല. ശരീരത്തെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും ചിന്തിക്കാതെ പോയി അഭിനയിക്കാറുള്ള ആളാണ് ഞാന്‍,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi Talks About Suriya