സുധ കൊങ്കാരയുടെ സംവിധാനത്തില്‍ 2020ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് സൂരറൈ പോട്ര്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ പുറത്തിറങ്ങിയത്.
അപര്‍ണ ബാലമുരളി – സൂര്യ എന്നിവര്‍ ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു സൂരറൈ പോട്ര്. ചിത്രത്തില്‍ നടി ഉര്‍വശിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോള്‍ സൂരറൈ പോട്ര് സിനിമയെ കുറിച്ചും സംവിധായികയായ സുധ കൊങ്കാരയെ കുറിച്ചും പറയുകയാണ് ഉര്‍വശി. മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘സുധയും ഞാനും തമ്മിലുള്ള പരിചയം തുടങ്ങിയിട്ട് ഇരുപത് വര്‍ഷത്തില്‍ കൂടുതലാകുന്നു. സുധയുടെ ആദ്യ ചിത്രത്തിലെ നായികയ്ക്ക് ശബ്ദം കൊടുത്തത് ഞാനായിരുന്നു. സംവിധായകന്‍ മണിരത്‌നത്തിന്റെ അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന സമയം മുതല്‍ എനിക്ക് സുധയുമായി നല്ല ബന്ധമാണുള്ളത്.
ഒരു വനിതാ സംവിധായിക ആയതുകൊണ്ടുതന്നെ കുറച്ച് കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നു. പിന്നെ ഇത്തരം ഒരു സബ്ജക്ട് പഠിച്ചെടുത്ത് സിനിമയാക്കുക എന്നത് നിസാര കാര്യമല്ലല്ലോ. സൂരറൈ പോട്ര് എന്ന ചിത്രം ഒരിക്കലും ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ പറഞ്ഞിരിക്കുന്ന സിനിമയല്ല.
വിമാനസര്‍വീസുകളെക്കുറിച്ചും എയര്‍ഫോഴ്സിനെക്കുറിച്ചും ആഴത്തില്‍ പഠിച്ചതിന് ശേഷം മാത്രമേ ഇത്തരത്തില്‍ ഒരു സിനിമ ചെയ്യാന്‍ സാധിക്കുകയുള്ളൂ. സുധയുടെ അദ്ധ്വാനം സിനിമ കണ്ടപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് വ്യക്തമായതാണ്.
ഡെക്കാണ്‍ എയര്‍വെയ്സിന്റെ സ്ഥാപകനായ ജി.ആര്‍. ഗോപിനാഥന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച സിനിമയായിരുന്നു സൂരറൈ പോട്ര്. ഒരിക്കലും അതിന് ഒരു ഡോക്യുമെന്ററിയുടെ സ്വഭാവം വന്നിട്ടില്ല എന്നതായിരുന്നു സിനിമയുടെ വിജയം,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi Talks About Sudha Kongara And Soorarai Pottru Movie