ഒരേസമയത്ത് സിനിമയിലെത്തി പിന്നീട് മുന്‍നിരയിലേക്ക് കയറി വന്ന താരങ്ങളാണ് ശോഭനയും ഉര്‍വശിയും. ആരാണ് കൂടുതല്‍ മികച്ചത് എന്ന ചര്‍ച്ചകള്‍ ഇന്നും നടക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ കൊണ്ട് അത്രയും സ്വാധീനം ഇരുവരും പ്രേക്ഷകരില്‍ ഉണ്ടാക്കിയിട്ടുണ്ട്.
ശോഭനയേയും ഉര്‍വശിയേയും കേന്ദ്രീകരിച്ച് നടക്കുന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകളെ പറ്റി സംസാരിക്കുകയാണ് ഉര്‍വശി. താരതമ്യങ്ങളുടെ ആവശ്യമില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ ശ്രദ്ധിക്കാറില്ലെന്നും ഉര്‍വശി പറഞ്ഞു. ആരേയും താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കഴിവില്ലെങ്കില്‍ വിമര്‍ശിക്കാമെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു.
‘ഞാന്‍ ശോഭനയെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി. എന്തെങ്കിലും ഒരു കാര്യത്തില്‍ എന്നെക്കാള്‍ കഴിവ് കൂടുതല്‍ ഉള്ളവരാണ് എന്റെ കൂടെ ഉള്ളവര്‍ എന്നാണ് എല്ലാക്കാലത്തും എന്റെ വിശ്വാസം. എല്ലാവരുടെയും ഫാനാണ് ഞാന്‍, ഇപ്പോള്‍ വന്നിരിക്കുന്ന ആര്‍ട്ടിസ്റ്റുകളുടെ കാര്യം പറഞ്ഞാലും എന്റെ സമകാലീനരായ ശോഭനയും പാര്‍വതിയുമാണെങ്കിലും.
രേവതിയുടെ ഫാനാണ് ഞാന്‍. എന്നെക്കാളും ഒരു വര്‍ഷത്തിന് മുമ്പേ രേവതി വന്നിട്ടുണ്ട്. എന്റെ ആദ്യ ചിത്രം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രേവതിയുടെ പടം സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. എന്റെ അത്രയും പൊക്കമില്ലാത്ത കുട്ടി, പക്ഷേ അത്രയും സ്‌ക്രീന്‍ പ്രസന്‍സ്. അമിതാഭ് ബച്ചന്റെ കൂടെ അഭിനയിച്ചു. നമുക്കൊരിക്കലും രേവതിക്ക് കുറവുള്ളതായി തോന്നിയിട്ടില്ല. അത്രയും ടാലന്റഡാണ്. താരതമ്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല.
ഒരു മേശപ്പുറത്ത് കുറെ പച്ചക്കറി നിരത്തി വെച്ചിരിക്കുന്നു. മാമ്പഴവും ചക്കയും മാങ്ങയുമൊക്കെ വെച്ചിട്ടുണ്ട്. ക്യാരറ്റ് കണ്ണിന് നല്ലതാണ്, ഓറഞ്ചിന്റെ കളര്‍ നല്ലതാണ്, കഴിക്കുമ്പോള്‍ നല്ല മധുരമുണ്ട്. പാവക്ക എന്താ ഇങ്ങനെ ഇരിക്കുന്നത്. കയ്പും മുള്ളും. അത് പാവക്കയോട് ചോദിച്ചിട്ട് കാര്യമുണ്ടോ? അതിനേയും ദൈവമല്ലേ സൃഷ്ടിച്ചത്. അതിന് ഒരുപാട് ഗുണങ്ങളുണ്ട്. അത് ഇഷ്ടപ്പെടുന്നവര്‍ എടുത്ത് കഴിക്കും.
ആരും ആരേയും താരതമ്യം ചെയ്യണ്ട. ഓരോന്നും ദൈവം സൃഷ്ടിച്ചതാണ്. താരതമ്യത്തിന്റെ ആവശ്യമില്ല. അഭിനയിക്കാന്‍ അറിയില്ലെങ്കിലോ കഴിവില്ലെങ്കിലോ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. ഇങ്ങനെുള്ള ചര്‍ച്ചകള്‍ക്കോ ടൈറ്റില്‍ കൊടുത്ത് വിളിക്കുന്നതിലോ അത്ര പ്രാധാന്യം കൊടുത്തിട്ടില്ല,’ ഉര്‍വശി പറഞ്ഞു.
Content Highlight: urvashi talks about social media discussion comparing her acting with shobhana