| Tuesday, 20th August 2024, 5:33 pm

അതുപോലുള്ള സിനിമകള്‍ ഇനി ഉണ്ടാകില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നും: ഉര്‍വ്വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അനുഗ്രഹീതയായ അഭിനേത്രിയാണ് ഉര്‍വ്വശി. തെന്നിന്ത്യയില്‍ തന്നെ ഉര്‍വ്വശിക്ക് പകരക്കാരുണ്ടാകില്ല എന്ന് വേണം പറയാന്‍. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇവര്‍ നേടിയിട്ടുണ്ട്.

1984ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി.

1995ല്‍ ഭദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. ചിത്രത്തില്‍ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. സ്പടികത്തിലൂടെ ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെടാന്‍ തുടങ്ങി.

തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. സ്പടികത്തില്‍ അഭിനയിച്ച ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഏറിയ ആളുകളും ഇന്നില്ല. ഇവരുടെ വിടവാങ്ങല്‍ തന്നെ ഏറെ വേദനിപ്പിക്കുണ്ടെന്ന് പറയുകയാണ് റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വ്വശി.

‘ആ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് പറഞ്ഞു കഴിഞ്ഞാല്‍ വല്ലാത്ത വിഷമമാകും. കാരണം എന്താണെന്ന് വെച്ചാല്‍ ഇനി അത്തരത്തിലൊരു കാലഘട്ടമില്ല. സ്പടികം വീണ്ടും കണ്ടപ്പോള്‍ ഇനി അങ്ങനത്തെ കാലമില്ലലോ എന്ന് തോന്നിപോകും.

സ്പടികം പോലൊരു സിനിമ ഇനി സംഭവിക്കില്ലലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നും. പിന്നെയുള്ളൊരു സന്തോഷം അവരെയൊക്കെ അതേ രൂപത്തിലും ഭാവത്തിലുമെല്ലാം കാണാന്‍ സിനിമ എന്നൊരു വലിയ സത്യം നമുക്ക് മുമ്പിലുണ്ട് എന്നതാണ്. അതുകാണുമ്പോള്‍ അവരൊക്കെ ഇപ്പോഴും നമ്മുടെ മുന്നിലുള്ളപോലെ തോന്നും.

എത്ര പേരാണ് ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അങ്കിള്‍, തിലകന്‍ അങ്കിള്‍, നെടുമുടി വേണു ചേട്ടന്‍, അമ്പിളി അങ്കിള്‍ അങ്ങനെ എത്ര കഴിവുള്ള അഭിനേതാക്കളായിരുന്നു മലയാള സിനിമക്കുണ്ടായിരുന്നത്.

സിനിമയുടെ സമൃദ്ധമായിട്ടുള്ളൊരു കാലമാണെന്നുള്ളത് അപ്പോള്‍ നമുക്ക് മനസിലായില്ലായിരുന്നു. ഇവരൊക്കെ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകുമെന്നാണ് വിചാരിച്ചത്. ഇന്നസെന്റ് ചേട്ടനെയൊക്കെ ഒരുപാട് മിസ് ചെയ്യും,’ ഉര്‍വ്വശി പറയുന്നു.

Content Highlight: Urvashi talks about legends of malayalam film industry and Spadikam film

We use cookies to give you the best possible experience. Learn more