|

എല്ലാത്തരം കഥാപാത്രങ്ങളെയും ചെയ്യാന്‍ കഴിയുന്ന തികഞ്ഞ നടി; എന്നാല്‍ കോമഡിയില്‍ മാത്രം ഒതുങ്ങിപോയി: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് അരങ്ങേറിയ താരമാണ് കല്പന. മലയാളത്തിന് പുറമേ തമിഴിലും അറിയപ്പെടുന്ന നടിയായി മാറാന്‍ കല്പനക്ക് അധികം സമയം വേണ്ടി വന്നില്ല. മലയാള സിനിമയിലെ ഒരുകാലത്തെ ഒട്ടുമിക്ക സിനിമകളിലും കല്പന അഭിനയിച്ചിട്ടുണ്ട്. കൂടുതലും സഹതാരമായും കോമഡി വേഷങ്ങളിലുമാണ് കല്പന അഭിനയിച്ചിരുന്നത്. എന്നാല്‍ എണ്ണം പറഞ്ഞ ചില മികച്ച സീരിയസ് കഥാപാത്രങ്ങള്‍ക്കും ജീവന്‍ കൊടുത്തുകൊണ്ട് ഏത് വേഷവും തനിക്ക് ഇണങ്ങുമെന്ന് കല്പന തെളിയിച്ചിട്ടുണ്ട്.

കല്പനയെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. സഹ വേഷങ്ങളിലാണ് കൂടുതലും കല്പന അഭിനയിച്ചിട്ടുള്ളതെന്നും അതില്‍ കൂടുതലും കോമഡി കഥാപാത്രങ്ങള്‍ ആയിരുന്നെന്നും ഉര്‍വശി പറയുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ അത് വലിയൊരു നഷ്ടമായി തോന്നാറുണ്ടെന്നും കോമഡി കഥാപാത്രങ്ങളില്‍ മാത്രം കല്പന ഒതുങ്ങി പോയതുപോലെ തോന്നിയിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു.

വളര്‍ന്ന് വന്ന സാഹചര്യങ്ങളില്ലെല്ലാം ഒരു നായികയാകാനുള്ള പ്രോത്സാഹനം കല്‍പ്പനക്ക് കിട്ടിയിട്ടുണ്ടെന്ന് ഉര്‍വശി കൂട്ടിച്ചേര്‍ത്തു. എല്ലാത്തരം കഥാപാത്രങ്ങളെയും ചെയ്യാന്‍ കഴിയുന്ന ഒരു തികഞ്ഞ നടിയായിരുന്നു കല്പനയെന്നും നല്ലൊരു നര്‍ത്തകിയാണ് അവരെന്നും ഉര്‍വശി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘സഹ വേഷങ്ങളില്‍ കൂടുതലും കോമഡി കഥാപാത്രങ്ങളാണല്ലോ കല്പന ചേച്ചി ചെയ്തിട്ടുള്ളത്. തിരിഞ്ഞ് നോക്കുമ്പോള്‍ അത് വലിയൊരു നഷ്ടമായി തോന്നാറുണ്ട്. കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങി പോയതുപോലെ. അങ്ങനെ അവളും പറഞ്ഞിട്ടുണ്ട്. അത് അവളുടെ ഒരു കുറ്റമല്ല. കാരണം അവള്‍ വളര്‍ന്ന് വന്നതെല്ലാം ഒരു നായികയാകാനുള്ള പ്രോത്സാഹനം കിട്ടിയാണ്.

കൊച്ചിലെ മുതലേ എല്ലാം ചെയ്യാന്‍ കഴിയുന്ന, എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു തികഞ്ഞ നടിയായിരുന്നു കല്പന ചേച്ചി. നല്ലൊരു ഡാന്‍സറും ഞങ്ങളില്‍ നിന്ന് അഭിനയിക്കാന്‍ ആദ്യം വന്നതും അവളാണ്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks  About Kalpana