കല്പനയെ കുറിച്ച് സംസാരിക്കുകയാണ് നടി ഉര്‍വശി. തന്റെ അമ്മ നന്നായി ഹാസ്യം എഴുതുമെന്നും ആ പ്രതിഭ ലഭിച്ചിരിക്കുന്നത് തന്റെ ചേച്ചിയായ കല്പനക്കാണെന്നും ഉര്‍വശി പറയുന്നു. കല്പനക്ക് വന്ന അവസരങ്ങളിലൂടെയാണ് താനും കലയും സിനിമയിലേക്ക് വന്നതെന്നും കല്പനയുടെ കഴിവിനനുസരിച്ച സിനിമകള്‍ മലയാളത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും ഉര്‍വശി പറഞ്ഞു.
കല്പനക്ക് സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യണം എന്നായിരുന്നു ആഗ്രഹമെന്നും തമിഴില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചപ്പോഴും മലയാളത്തില്‍ നിന്ന് അതുണ്ടായിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. പകല്‍ നക്ഷത്രങ്ങളും ചാര്‍ലിയും പോലെയുള്ള സിനിമകള്‍ ഒഴിച്ചാല്‍ കോമഡി താരം എന്ന ഇമേജിന്റെ കൂട്ടില്‍ കല്പന പെട്ടുപോയെന്നും താനും അതേ കൂട്ടില്‍ പെടേണ്ടതായിരുന്നെന്നും ഉര്‍വശി പറയുന്നു.
മരണ ശേഷം ഒരുപാട് അംഗീകാരങ്ങള്‍ കല്പനയെ തേടിയെത്തിയെന്നും എന്നാല്‍ അത്തരം പരിപാടികളിലൊന്നും താന്‍ സഹകരിച്ചില്ലെന്നും ഉര്‍വശി പറഞ്ഞു. ഗൃഹലക്ഷ്മി മാസികയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘അമ്മ നന്നായി ഹാസ്യം എഴുതുമായിരുന്നു. ആ പ്രതിഭ അതുപോലെ മിനിച്ചേച്ചിക്ക് (കല്പന) കിട്ടി. മോണോ ആക്ടിനും മിമിക്രിക്കുമൊക്കെ അവള്‍ ചേരും. കോളേജ് തലത്തിലൊക്കെ ഈ മത്സരയിനങ്ങളില്‍ ചേച്ചിക്ക് ആണ്‍കുട്ടികള്‍ മാത്രമായിരുന്നു എതിരാളികള്‍. മിക്കപ്പോഴും അവള്‍ക്കായിരുന്നു സമ്മാനം.
മിനിച്ചേച്ചിക്ക് വന്ന അവസരങ്ങളിലൂടെയാണ് ഞാനും കലച്ചേച്ചിയും സിനിമയിലേക്ക് എത്തുന്നത്.
മിനിച്ചേച്ചിക്ക് അവളുടെ കഴിവിനൊത്ത കഥാപാത്രങ്ങള്‍ മലയാളത്തില്‍നിന്ന് ലഭിച്ചിട്ടില്ല. അവസാനം വരെ അവള്‍ ആഗ്രഹിച്ചത് സീരിയസ് കഥാപാത്രങ്ങളെ ആയിരുന്നു. തമിഴില്‍ വളരെ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും മലയാളത്തില്‍ അതുണ്ടായില്ല.
പകല്‍ നക്ഷത്രങ്ങളും ചാര്‍ലിയും പോലെയുള്ള അപൂര്‍വം സിനിമകള്‍ ഒഴിച്ചാല്‍ കോമഡി താരം എന്ന ഇമേജിന്റെ കൂട്ടില്‍ ചേച്ചി അകപ്പെട്ടു പോയി. അതേ കൂട്ടില്‍ അടഞ്ഞുപോകേണ്ടതായിരുന്നു ഞാനും. പക്ഷേ, എന്തോ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു.
ചാര്‍ലിയുടെ തമിഴ് പതിപ്പില്‍ കല്പനയുടെ റോള്‍ ചെയ്യാമോ എന്ന് എന്നോട് ചോദിച്ചു. എനിക്ക് പറ്റില്ല എന്ന് പറഞ്ഞു. അവള്‍ അത്ര മികവോടെ ചെയ്ത കഥാപാത്രമാണ്. എനിക്കത് വഴങ്ങില്ല.
മരണശേഷം ഒരുപാട് അംഗീകാരങ്ങള്‍ അവളെ തേടിയെത്തി. പക്ഷേ അത്തരം പരിപാടികളുമായൊന്നും ഞാന്‍ സഹകരിച്ചില്ല. മുമ്പ് ഞാന്‍ അവാര്‍ഡ് വാങ്ങിയ പല വേദികളിലും അവള്‍ക്ക് കോമഡി സ്‌കിറ്റ് അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. മിനിച്ചേച്ചി അങ്ങനെ ഒതുങ്ങിപ്പോകേണ്ട ഒരാളായിരുന്നില്ല,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi talks about kalpana