സിനിമ കുടുംബം പോലെ ആയിരുന്നെന്ന് പറയുകയാണ് നടി ഉര്‍വശി. കെ.പി.എ.സി ലളിത, തിലകന്‍, നെടുമുടി വേണു, മുരളി, കൃഷ്ണന്‍കുട്ടി നായര്‍, ഒടുവില്‍ ഉണ്ണി കൃഷ്ണന്‍, പറവൂര്‍ ഭരതന്‍, ശങ്കരാടി, സുകുമാരിയമ്മ, മീനാമ്മച്ചി, ഇന്നസെന്റ് തുടങ്ങിയവര്‍ അവശേഷിപ്പിച്ച് പോയ ശൂന്യത സിനിമയെ പൊതിയുന്നുണ്ടെന്ന് ഉര്‍വശി പറഞ്ഞു.
കെ.പി.എ.സി ലളിത തനിക്ക് അമ്മയെ പോലെ ആണെന്നും തുടക്കകാലത്ത് സിനിമയില്‍ തന്റെ കെയര്‍ ടേക്കര്‍ ആയിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. തന്നെ കെ.പി.എ.സി ലളിത നുള്ളുകയും വഴക്കുപറയുകയും ഒക്കെ ചെയ്യുമായിരുന്നെന്നും പുറത്തുപോകുമ്പോള്‍ അനുവാദം വാങ്ങണമായിരുന്നെന്നും ഉര്‍വശി പറഞ്ഞു.
ലളിതയാന്റി, തിലകന്‍ അങ്കിള്‍, കരമന ജനാര്‍ദനന്‍ നായര്‍, രാജന്‍ പി.ദേവ്, നെടുമുടി വേണു, മുരളിച്ചേട്ടന്‍, കൃഷ്ണന്‍കുട്ടി നായര്‍, ഒടുവില്‍ ഉണ്ണി കൃഷ്ണന്‍, പറവൂര്‍ ഭരതന്‍, ശങ്കരാടി യമ്മാവന്‍, സുകുമാരിയമ്മ, മീനാമ്മച്ചി, ഇന്നസെന്റ് ചേട്ടന്‍, ഇവരൊക്കെയും അവശേഷിപ്പിച്ചുപോയ ശൂന്യത സിനിമയെ പൊതിയുന്നുണ്ട്.
ലളിതയാന്റി അമ്മയെപ്പോലെയായിരുന്നു. ആന്റിക്ക് എന്റെ അച്ഛനമ്മമാരോട് ആത്മബന്ധം ഉണ്ടായിരുന്നു. കുഞ്ഞുനാളില്‍ എന്നെ തൊട്ടിലാട്ടിയിട്ടുണ്ട്. തുടക്കകാലത്ത് സിനിമയില്‍ എന്റെ കെയര്‍ ടേക്കര്‍ ലളിതയാന്റി ആയിരുന്നു. അടിക്കുകയും നുള്ളുകയും വഴക്കുപറയുകയും ഒക്കെ ചെയ്യും. വിദേശത്തൊക്കെ പോകുമ്പോള്‍ ലളിതയാന്റിയോട് ചോദിച്ചിട്ടേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
അതുപോലെ സുകുമാരിയമ്മ വെളുപ്പിനേ റൂമില്‍ വന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് അമ്പലത്തില്‍ കൊണ്ടുപോകും. രാത്രി ഉറക്കമിളച്ചാല്‍ വഴക്ക് പറയും. എന്റെ റൂമില്‍ ഫോണ്‍ വന്നാല്‍ അവരേ എടുക്കൂ. സ്‌നേഹത്തിന്റെ സ്വാഭാവികമായ അധികാരമായിരുന്നു അത്. എന്റെ അമ്മയുമായി പൊന്നു ആന്റിക്ക്(കവിയൂര്‍ പൊന്നമ്മ) വലിയ ബന്ധമായിരുന്നു. പിന്നെ ഫിലോമിന ആന്റ്‌റി ഒരു പൊളിറ്റിക്സിലും ഇടപെടാത്ത പാവം നിഷ്‌കളങ്ക. അടൂര്‍ ഭവാനിയും പങ്കജവും എന്റെ അച്ഛന്റെ സഹോദരിമാരായിരുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. സിനിമ എന്നാല്‍ അന്നൊക്കെ കുടുംബമായിരുന്നു.
അമ്മമാരായി അഭിനയിക്കുന്ന നടിമാരോടാണ് ഞങ്ങളൊക്കെ പ്രശ്നങ്ങള്‍ പങ്കുവെച്ചിരുന്നതും സംശയങ്ങള്‍ ചോദിച്ചിരുന്നതും. അവരതിനെയൊക്കെ കൂളായാണ് കൈകാര്യം ചെയ്തത്. അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ നമ്മളും കുളാകും അതൊരു പക്വതയാണ്. ഇപ്പോള്‍ ജൂനിയറായ കുട്ടികള്‍ വന്ന് എന്നോട് ഒരു പ്രശ്നം പറഞ്ഞാല്‍ എന്റെ പ്രതികരണത്തില്‍ ആ പക്വത ഉണ്ടാവണമെന്നില്ല. അവരേക്കാള്‍ അരിശത്തില്‍ ഞാന്‍ ചെന്ന് മുന്നില്‍ നില്‍ക്കും. അന്തരീക്ഷം ശാന്തമാക്കാനുള്ള കഴിവ് എനിക്കില്ല,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talks About K.P.A.C Lalitha