|

ഭയങ്കര പിശുക്കനായിരുന്നു ആ നടന്‍; ഞാന്‍ ഷോട്ടിന് റെഡിയാകുമ്പോള്‍ ഏതെങ്കിലും മൂലയ്ക്ക് മാറിനിന്ന് ചിരിപ്പിക്കും: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ജഗതി ശ്രീകുമാറുമായുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഉര്‍വശി. തന്റെ അച്ഛന്റെ ട്രൂപ്പില്‍ ജഗതി അംഗമായിരുന്നെന്നും തന്നെ എടുത്തുകൊണ്ട് നടന്നിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു. അന്നെല്ലാം തന്റെ വീട്ടില്‍ കൊഞ്ച് വറുത്ത് ടിന്നില്‍ ഇട്ടു വയ്ക്കുന്ന പതിവുണ്ടായിരുന്നുവെന്നും താന്‍ അത് കഴിക്കുമ്പോള്‍ ജഗതി കുറച്ചുകൂടെ എടുത്തുകൊണ്ട് വരാന്‍ പറയുമായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

ജഗതി ശ്രീകുമാര്‍ പിശുക്കനായിരുന്നു എന്നും കൊഞ്ച് എടുക്കാന്‍ പോകുമ്പോള്‍ ‘പിശുക്കന്‍ അമ്പിളിക്കാണോ’ എന്ന് അമ്മൂമ്മ ചോദിക്കുമായിരുന്നുവെന്നും ഉര്‍വശി പറയുന്നു. സിനിമയിലേക്ക് താന്‍ എത്തിയപ്പോഴും തങ്ങളുടെ ബന്ധം അതുപോലെ ആയിരുന്നെന്നും സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ ഏതെങ്കിലും മൂലയില്‍ നിന്ന് തന്നെ ചിരിപ്പിക്കുമെന്നും ഉര്‍വശി പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

രസകരമായ കുറേ ഓര്‍മ്മകളുണ്ട്. അച്ഛന്റെ ട്രൂപ്പില്‍ അമ്പിളിയങ്കിള്‍ (ജഗതി ശ്രീകുമാര്‍) അന്ന് അംഗമാണ്. എന്നെ എടുത്തുകൊണ്ട് നടക്കും. ഭയങ്കര പിശുക്കനായിരുന്നു. അന്ന് വീട്ടില്‍ കൊഞ്ച് വറുത്ത് ടിന്നില്‍ ഇട്ടു വയ്ക്കുന്ന പതിവുണ്ടായിരുന്നു. ഞാന്‍ കൈയില്‍ കൊഞ്ചും കോരിയെടുത്ത് അതും തിന്ന് നടക്കും.

കുറച്ചുകൂടി എടുത്തുകൊണ്ടുവാ എന്ന് അമ്പിളിയങ്കിള്‍ പറയും. ‘പിശുക്കന്‍ അമ്പിളിക്കാണോ?’ എന്നും ചോദിച്ച് അമ്മൂമ്മ ഒരു പാത്രത്തില്‍ കൊഞ്ച് ഇട്ടുതരും. പിന്നെ ഞാനും അമ്പിളിയങ്കിളും കൂടി കൊഞ്ചിനുവേണ്ടി പിടിവലിയാകും. ഒടുവില്‍ ഞാന്‍ കരയും. അമ്മൂമ്മ അമ്പിളിയങ്കിളിനെ വഴക്ക് പറയും.

സിനിമയില്‍ എത്തിയപ്പോഴും ആ ബന്ധം അങ്ങനെതന്നെയായിരുന്നു. ഞാന്‍ ഷോട്ടിന് റെഡിയാകുമ്പോള്‍ അമ്പിളിയങ്കിള്‍ ഏതെങ്കിലും മൂലയ്ക്ക് മാറിനിന്ന് ചിരിപ്പിക്കും. ചിരിയടക്കാന്‍ പറ്റാതെവന്നിട്ട് സംവിധായകരില്‍നിന്ന് വഴക്ക് കേട്ടിട്ടുണ്ട്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About Jagathy Sreekumar