അനായാസമായ അഭിനയം; ആ സിനിമ കണ്ടാല്‍ അദ്ദേഹത്തിന്റെ അഭിനയത്തോട് അറ്റാച്ച്‌മെന്റ് തോന്നും: ഉര്‍വശി
Entertainment
അനായാസമായ അഭിനയം; ആ സിനിമ കണ്ടാല്‍ അദ്ദേഹത്തിന്റെ അഭിനയത്തോട് അറ്റാച്ച്‌മെന്റ് തോന്നും: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th November 2024, 12:47 pm

ആശിഷ് ചിന്നപ്പ ആദ്യമായി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജലധാര പമ്പ് സെറ്റ് സിന്‍സ് 1962. സാനു കെ. ചന്ദ്രന്റെ കഥയെ ആസ്പദമാക്കി ആഷിഷ് ചിന്നപ്പയും പ്രജിന്‍ എം.പിയും ചേര്‍ന്നായിരുന്നു സിനിമയുടെ തിരക്കഥ എഴുതിയത്.

ഉര്‍വശി, ഇന്ദ്രന്‍സ് എന്നിവര്‍ ഒന്നിച്ച സിനിമയില്‍ സനുഷ, സാഗര്‍ രാജന്‍, ജോണി ആന്റണി, ടി.ജി. രവി എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. ഒരു പമ്പ് സെറ്റ് മോഷണം പോകുന്നതിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. അത് പിന്നീട് കേസാകുകയും കോടതിയില്‍ വര്‍ഷങ്ങളോളം നീണ്ടുപോവുകയും ചെയ്യുകയാണ്.

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962ലെ ഇന്ദ്രന്‍സിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ഉര്‍വശി. വളരെ അനായാസമായിട്ടാണ് സിനിമയിലെ കഥാപാത്രത്തെ ഇന്ദ്രന്‍സ് അവതരിപ്പിച്ചിരിക്കുന്നതെന്നും ആദ്യത്തെ ഇന്‍ട്രഡക്ഷന്‍ എടുക്കുന്ന ദിവസം തന്നെ ആ ക്യാരക്ടര്‍ എങ്ങനെ ആയിരിക്കും എന്നത് തനിക്ക് മനസിലായെന്നും നടി പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘കള്ളനാണെന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യക്തി. മോഷ്ടിച്ചത് താനല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയാണ്. ഒപ്പം അതിനുള്ള തെളിവുകളും നിരത്തുന്നു. ഇയാളാണ് ചെയ്തതെന്ന് ഉറപ്പില്ലാത്തൊരു കാര്യം എന്റെ കഥാപാത്രം വാദിക്കുകയാണ്.

അദ്ദേഹത്തിന് (ഇന്ദ്രന്‍സ്) ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഈ സിനിമയിലേതെന്ന് എനിക്ക് തോന്നി. വളരെ അനായാസമായിട്ടാണ് അദ്ദേഹം പെര്‍ഫോം ചെയ്തിരിക്കുന്നത്. ആദ്യത്തെ ഇന്‍ട്രഡക്ഷന്‍ എടുക്കുന്ന ദിവസം തന്നെ ആ കഥാപാത്രം എങ്ങനെ ആയിരിക്കുമെന്നത് നമുക്ക് മനസിലായിരുന്നു.

ഇയാളാണ് കള്ളനെന്ന് പറയുമ്പോള്‍ അയാളുടെ ഒരു നില്‍പ്പുണ്ട്. ആ നില്‍പ്പ് കാണുമ്പോള്‍ കൂസലില്ലാത്ത ഈ മനുഷ്യന്‍ എവിടെയോ നാട്ടിന്‍പ്പുറത്ത് കട്ട് നടന്നിരുന്നോയെന്ന് നമുക്ക് തോന്നി പോകും. നമുക്ക് അത്രമാത്രം അറ്റാച്ച്മെന്റ് തോന്നുന്ന തരത്തിലുള്ള ഒരു അഭിനയമാണ് അദ്ദേഹത്തിന്റേത്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About Indrans And Jaladhara Pumpset Since 1962 Movie