| Tuesday, 8th August 2023, 9:15 pm

ഇത്രയും കാലിബറുള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ ഉപയോഗിച്ചിരുന്നതെന്ന് തോന്നി: ഉര്‍വശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ഉര്‍വശി. വളരെ അനായാസമായിട്ടാണ് സിനിമയിലെ കഥാപാത്രത്തെ ഇന്ദ്രന്‍സ് അവതരിപ്പിച്ചിരിക്കുന്നതെന്നും ആദ്യത്തെ ഇന്‍ട്രോഡക്ഷന്‍ എടുക്കുന്ന ദിവസം തന്നെ ആ ക്യാരക്ടര്‍ എങ്ങനെ ആയിരിക്കും എന്നത്  തനിക്ക്  മനസിലായെന്നും നടി പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘കള്ളനാണെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി, ഞാനല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു, തെളിവുകള്‍ നിരത്തുന്നു. ഇയാളാണെന്ന് ഉറപ്പില്ലാതൊരു കാര്യം എന്റെ കഥാപാത്രം വാദിക്കുകയാണ്. അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണിതെന്ന് എനിക്ക് തോന്നി. വളരെ അനായാസമായിട്ടാണ് അദ്ദേഹം പെര്‍ഫോം ചെയ്തിരിക്കുന്നത്. ആദ്യത്തെ ഇന്‍ട്രോഡക്ഷന്‍ എടുക്കുന്ന ദിവസം തന്നെ നമുക്ക് മനസിലായി ആ ക്യാരക്ടര്‍ എങ്ങനെ ആയിരിക്കും എന്നത്, ആ ഒരു ഷോര്‍ട്ടില്‍ തന്നെ മനസിലായി. ഇയാളാണ് കള്ളന്‍ എന്നു പറയുമ്പോള്‍ അയാളുടെ ഒരു നില്‍പ്പുണ്ട്. ആ നില്‍പ്പ് കാണുമ്പോള്‍ കൂസലില്ലാത്ത മനുഷ്യന്‍, എവിടെയോ നാട്ടിന്‍ പുറത്ത് ഇയാള്‍ കട്ട് നടന്നിരുന്നോയെന്ന് നമുക്ക് തോന്നി പോകും. അത്രമാത്രം നമുക്ക് അറ്റാച്ച്‌മെന്റ് തോന്നുന്ന അങ്ങനെ ഒരു അഭിനയമാണ് അദ്ദേഹത്തിന്റേത്,’ ഉര്‍വശി പറഞ്ഞു.

ആദ്യം താന്‍ ഇന്ദ്രന്‍സിനെ കോസ്റ്റിയൂമര്‍ ആയിട്ടാണ് കണ്ടിട്ടുള്ളതെന്നും പിന്നീട് ഇത്രയും കാലിബര്‍ ഉള്ള നടനെയായിരുന്നോ അന്ന് അങ്ങനെ ഉപയോഗിച്ചിരുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പണ്ട് ഒരു ഇമേജില്‍പ്പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കണമായിരുന്നെന്നും നടി പറഞ്ഞു.

‘ആദ്യം ഇന്ദ്രന്‍സ് ചേട്ടനെ കോസ്റ്റിയൂമര്‍ ആയി മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ അതല്ലാതെ കോമഡിയായി എന്റെ കൂടെ ചില സിനിമകള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം. അതൊക്കെ കഴിഞ്ഞിട്ട് ഇത്രയും കാലിബര്‍ ഉള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ ബഹുമാനം തോന്നുകയാണ്. ഒരു നടനെ വേറെയൊരു ഡയമന്‍ഷനില്‍ കാണാന്‍ പറ്റുന്നുണ്ടല്ലോ. സുരാജ് ആയാലും ഇന്ദ്രന്‍സ് ചേട്ടന്‍ ആയാലും അവരെയൊക്കെ അങ്ങനെ കാണാന്‍ സാധിക്കുന്നുണ്ടല്ലോ ഈ ജനറേഷന്. പണ്ട് ഒരു ഇമേജില്‍പ്പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കണം,’ ഉര്‍വശി പറഞ്ഞു.

Content Highlights: Urvashi talks about indrans

Latest Stories

We use cookies to give you the best possible experience. Learn more