|

മണിരത്‌നത്തിന്റെ ആ ചിത്രം വരെ വേണ്ടെന്ന് വെച്ചു, പക്ഷെ ആ കമന്റ് വന്നപ്പോള്‍ ഞാന്‍ തമിഴിലേക്ക് പോയി: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. സിനിമയില്‍ തനിക്ക് ഇടവേളകള്‍ ഉണ്ടായിട്ടില്ലെന്നും കൊവിഡ് സമയത്ത് മാത്രമേ വിശ്രമം അറിഞ്ഞിട്ടുള്ളൂവെന്നും ഉര്‍വശി പറയുന്നു. മലയാള സിനിമയില്‍ നല്ല തിരക്കില്‍ നില്‍ക്കുന്ന സമയത്താണ് തമിഴില്‍ സജീവമാകുന്നതെന്നും ഉര്‍വശി പറഞ്ഞു.

ബാലചന്ദ്രന്റെ അഴകന്‍ എന്ന ചിത്രത്തിലേക്കും മണിരത്‌നത്തിന്റെ ദളപതിയിലേക്കും തന്നെ വിളിച്ചിരുന്നു എന്നും എന്നാല്‍ മലയാള വിട്ട് താന്‍ ആ സമയത്ത് പോയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മലയാളത്തില്‍ കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടോയെന്ന് തോന്നിയപ്പോള്‍ തമിഴിലേക്ക് പോയെന്നും അവിടെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ലഭിച്ചെന്നും ഉര്‍വശി പറഞ്ഞു.

സത്യന്‍ അന്തിക്കാടിന്റെ സിനിമയായതുകൊണ്ടാണ് 2005ല്‍ അച്ചുവിന്റെ അമ്മയുടെ മലയാളത്തിലേക്ക് മടങ്ങിയെത്തിയതെന്നും എന്നാല്‍ അതിന് ശേഷവും ആവര്‍ത്തന വിരസത തോന്നിയതുകൊണ്ട് മലയാളത്തില്‍ നിന്ന് വീണ്ടും ഇടവേളയെടുത്തെന്ന് ഉര്‍വശി പറഞ്ഞു.

‘സിനിമയില്‍ എനിക്ക് ഇടവേളകള്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കൊവിഡ് സമയത്ത് മാത്രമേ വിശ്രമം അറിഞ്ഞിട്ടുള്ളൂ. 1995ല്‍ മലയാള സിനിമയില്‍ നല്ല തിരക്കില്‍ നില്‍ക്കുന്ന കാലത്താണ് തമിഴില്‍ സജീവമാകുന്നത്. കഴകം എന്ന സിനിമക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയ വര്‍ഷമായിരുന്നു അത്.

അതിന് മുമ്പും തമിഴില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. ബാലചന്ദ്രന്‍ സാറിന്റെ അഴകനും മണിരത്‌നത്തിന്റെ ദളപതിയും ഉള്‍പ്പെടെയുള്ള സിനിമകള്‍. എന്നിട്ടും ഞാന്‍ മലയാളം വിട്ട് പോയില്ല. പക്ഷേ റോളുകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്ന തോന്നല്‍ വന്നപ്പോള്‍ എനിക്ക് ആ തീരുമാനം മാറ്റേണ്ടിവന്നു.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡുകള്‍ തേടിവന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കലല്ലേ ഇതെന്ന കമന്റുകളും ഉണ്ടായി. അങ്ങനെയാണ് തമിഴിലേക്ക് ചേക്കേറുന്നത്. തമിഴില്‍ നല്ല അവസരങ്ങള്‍ വന്നു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍.

2005ല്‍ അച്ചുവിന്റെ അമ്മയിലുടെ മലയാളത്തിലേക്ക് മടങ്ങി വന്നത് അത് സത്യേട്ടന്റെ സിനിമയായതുകൊണ്ടാണ്. പിന്നെ കുറച്ച് സിനിമകള്‍. അപ്പോഴും ആവര്‍ത്തനവിരസത തോന്നി. അത് വീണ്ടും ഒരു ഇടവേളയ്ക്ക് കാരണമായി. അപ്പോഴും ഞാന്‍ സിനിമയില്‍ സജീവമായിരുന്നു. മലയാളത്തില്‍ ഉണ്ടായിരുന്നില്ല എന്നേയുള്ളൂ,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi talks about her gap in malayalam cinema

Video Stories