| Wednesday, 4th December 2024, 8:17 pm

കല്പന ചേച്ചി അഭിനയിക്കേണ്ട വേഷമാണ് ഞാന്‍ ആ ചിത്രത്തില്‍ ചെയ്തത്; സാരിയുടുത്ത് അഭിനയിക്കാന്‍ പഠിപ്പിച്ചത് ആ നടന്‍: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം തമിഴിലൂടെയാണ് നായികയായി അരങ്ങേറിയത്. മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഉര്‍വശി മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ആറ് തവണയും, തമിഴ്നാട് സ്റ്റേറ്റ് അവാര്‍ഡ് ഒരു തവണയും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വശിയെ തേടിയെത്തിയിരുന്നു.

1983 ല്‍ പുറത്തിറങ്ങിയ മുന്താനൈ മുടിച്ചു എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി നായികയായി മാറുന്നത്. തന്റെ ചേച്ചി കല്‍പ്പന ചെയ്യേണ്ടിയിരുന്ന വേഷമാണ് താന്‍ ആ ചിത്രത്തില്‍ ചെയ്തതെന്ന് പറയുകയാണ് ഉര്‍വശി. മുന്താനൈ മുടിച്ചുവിന്റെ സംവിധായകനും നായകനുമായ ഭാഗ്യരാജാണ് തന്നെ സാരി ഉടുത്ത് അഭിനയിക്കാന്‍ പഠിപ്പിച്ചതെന്ന് ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ നായികമാരാരെല്ലാം നന്നായി ഹോം വര്‍ക്ക് ചെയ്താണ് സിനിമാ സെറ്റിലേക്ക് വരുതെന്നും എന്നാല്‍ താന്‍ വളരെ മോശം സ്റ്റുഡന്റ് ആണെന്നും ഉര്‍വശി പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘എന്റെ ആദ്യത്തെ സിനിമ തന്നെ എന്റെ ചേച്ചി അഭിനയിക്കേണ്ടതായിരുന്നു. അവസാന നിമിഷം ചേച്ചിക്ക് സമയം ഇല്ലാത്തതുകൊണ്ട് ഞാന്‍ അഭിനയിക്കുകയായിരുന്നു. ഭാഗ്യരാജ് സാര്‍ നാച്ചുറല്‍ ആക്ടിങ്ങിന്റെ ആളാണ്. അദ്ദേഹമാണ് എനിക്ക് സാരി ഉടുത്ത് അഭിനയിക്കാന്‍ വരെ പഠിപ്പിച്ചുതന്നത്.

അദ്ദേഹം പറയുന്നു ഞാന്‍ അഭിനയിക്കുന്നു, വഴക്ക് പറഞ്ഞാല്‍ വൈകുന്നേരത്തെ ട്രെയിന്‍ കേറും. ഇങ്ങനെ അവരെ ഭീഷണിപ്പെടുത്തിയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. അതുകൊണ്ടു തന്നെ ആദ്യ സിനിമ ചെയ്യുമ്പോള്‍ ആരും എന്നെ ശല്യപ്പെടുത്താനൊന്നും വന്നില്ല.

ഇപ്പോഴത്തെ നായികമാരെല്ലാം എല്ലാത്തിനും കരുതിയാണ് സിനിമയിലേക്ക് വരുന്നത്. അടുത്ത സീനിന്‍ വേണ്ടി അവര്‍ നന്നായി പഠിച്ച് ഹോം വര്‍ക്ക് എല്ലാം ചെയ്താണ് വരുന്നത്. ഞാന്‍ വളരെ മോശം സ്റ്റുഡന്റാണ്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About Her First Movie Munthanai Mudichu

We use cookies to give you the best possible experience. Learn more